ayayil

നെയ്യാറ്റിൻകര: ആയയിൽ പാലം യാഥാർത്ഥ്യമാകാൻ ഇനിയും ഏറെ നാൾ കാത്തിരിക്കേണ്ടിവരും. ആശങ്കകളും പ്രതീക്ഷകളുമായി പ്രദേശവാസികൾ. താലൂക്കിലെ പെരുമ്പഴുതൂർ, പെരുങ്കട വില്ലേജുകളിലായി പെരുമ്പഴുതൂർ മുള്ളറവിള ജംഗ്ഷന് സമീപം നെയ്യാറിന്റെ കരിത്തലക്കടവ് ഭാഗത്താണ് ആയയിൽ പാലം നിർമ്മാണത്തിനായി വർഷങ്ങൾക്ക് മുമ്പ് പദ്ധതി തയാറാക്കിയത്എന്നാൽ പദ്ധതി ആസൂത്രണം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പ്രാരംഭ നടപടികളൊന്നും തുടങ്ങിയിട്ടില്ല. നെയ്യാറ്റിൻകരയിലും പെരുങ്കടവിളയിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്താൻ കുട്ടികളടക്കം ഏറെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത്. 20 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നെയ്യാറിന്റെ മുള്ളറവിള ഭാഗത്ത് നിന്നും ആയയിൽ കടവിൽ അവസാനിക്കുന്ന രീതിയിലാണ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ പാലം നിർമ്മിക്കുന്നത്. അടിയന്തരമായി പാലം നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളേയും നെയ്യാറ്റിൻകര നഗരസഭയെയും പെരുങ്കടവിള ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്രക്ലേശം പരിഹരിക്കാൻ സാധിക്കുമെന്നുള്ള വിലയിരുത്തലിന്റെ ഭാഗമായാണ് പദ്ധതിയ്ക്കായി അധികൃതർ അനുമതി നൽകിയത്. പാലം യാഥാർത്ഥ്യമായാൽ പദ്ധതി പ്രദേശമുൾപ്പെടുന്ന അരുവിപ്പുറം, ആയയിൽ, മുള്ളറവിള, മാമ്പഴക്കര, ചെങ്കല്ലൂർ, ഇളവനിക്കര പ്രദേശവാസികൾക്ക് നെയ്യാറ്റിൻകര, പെരുങ്കടവിള ഭാഗങ്ങളിലെത്തിച്ചേരുന്നതിനായി 6 കിലോമീറ്ററോളം ദൂരം ലാഭിക്കാം.

പദ്ധതിപ്രദേശത്തെ 22 കുടുംബങ്ങളെ ഒഴിപ്പിച്ച് 75 സെന്റ് വസ്തു ഏറ്റെടുത്ത് പാലത്തിന്റെ ഇരുവശവും അപ്രോച്ച് റോഡ് നിർമ്മിച്ചാണ് മുള്ളറവിള-ആയയിൽ പാലം പൂർത്തീകരിക്കുന്നത്. വസ്തു ഏറ്റെടുക്കലും അനുബന്ധ റോഡ് നിർമ്മാണവും വൈകുന്നതാണ് പദ്ധതി നീളാൻ കാരണമെന്നാണ് ആക്ഷേപം. ആയയിൽ ക്ഷേത്രോത്സവ സമയങ്ങളിൽ പ്രദേശവാസികൾ കടവിന് കുറുകെ കോൺക്രീറ്റ് പോസ്റ്റിട്ട് താത്കാലിക പാത നിർമ്മിക്കുമെങ്കിലും മഴസമയത്തും നെയ്യാറിൽ വെള്ളം പൊങ്ങുന്ന സമയങ്ങളിലും ഇത് വഴിയുള്ള യാത്ര ഏറെ ബുദ്ധിമുട്ടാകും.