veed

കാട്ടാക്കട: കാട്ടാക്കടയിൽ സി.പി.എം ഏരിയാ സെക്രട്ടറിയുടെ വീടിന് ആക്രമണം. സി.പി.എം കാട്ടാക്കട ഏരിയാ സെക്രട്ടറിയും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ കെ. ഗിരിയുടെ വീരണകാവ് മൈലോട്ടുമൂഴിയിലുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ പുലർച്ചേ മൂന്ന് ഓടെയായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘം വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞ് തകർക്കുകയായിരുന്നു.

ശബ്ദം കേട്ട് വീട്ടുകാർ എണീറ്റതോടെ അക്രമികൾ രക്ഷപ്പെട്ടതായും ഏരിയാ സെക്രട്ടറി ഗിരി പൊലീസിൽ മൊഴി നൽകി.സംഭവം അറിഞ്ഞയുടൻ കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി വീടിന്റെ സമീപം പൊലീസിനെ വ്യന്യസിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.

സംഭവം അറിഞ്ഞത് മുതൽ പ്രതിഷേധവും ശക്തമായി. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റിയംഗം വി.ജോയി,​ഐ.സാജു,​പുത്തൻകട വിജയൻ,​എം.എൽ.എമാരായ ഐ.ബി.സതീഷ്, ജി.സ്റ്റീഫൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.ജയൻ ബാബു,പ്രസിഡന്റ് ആർ.രാമു,​ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.അനിൽകുമാർ(കാട്ടാക്കട),സുരേഷ് കുമാർ(മാറനല്ലൂർ)ടി.സനൽകുമാർ(പൂവച്ചൽ),മണികണ്ഠൻ(കുറ്റിച്ചൽ), സി.പി.എം നേതാക്കളായ പരുത്തിപ്പള്ളി ചന്ദ്രൻ,കുറ്റിച്ചൽ അഭിലാഷ്,എൻ.വിജയകുമാർ,എസ്.വിജയകുമാർ,പി.എസ്.പ്രഷീദ്,​കള്ളിക്കാട് സുനിൽകുമാർ തുടങ്ങി നിരവധി പാർട്ടി പ്രവർത്തകർ വീട്ടിലെത്തി പ്രതിഷേധമറിയിച്ചു.

സമാധാന അന്തരീക്ഷമുള്ള സ്ഥലമാണ് വീരണകാവ് മൈലോട്ടുമൂഴി പ്രദേശം. വിവിധ രാഷ്ട്രീയ പാർട്ടിക്കാർ ഈ പ്രദേശത്തുണ്ടെങ്കിലും ഇതുപോലെ വീടുകയറി ആക്രമണം ഉണ്ടാകുന്നത് ആദ്യമായാണ്.ആളുകളെ സമ്മർദ്ദത്തിലാക്കി സാധാരണ ജനങ്ങളുടെ സമാധാന അന്തരീക്ഷം തകർക്കാനാണ് ആർ.എസ്.എസിന്റെ ശ്രമം. തന്റെ വീട് ആക്രമിക്കാൻ തക്കവിധത്തിലുള്ള ഒരു പ്രകേപനവും പ്രദേശത്ത് നിലവിലില്ലെന്നും ആക്രമിച്ചതിന് പിന്നിൽ ആർ.എസ്.എസ് സംഘമാണെന്നും കെ. ഗിരി പ്രതികരിച്ചു. പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഗിരി ആവശ്യപ്പെട്ടു.