
പൂവാർ: മാവിളക്കടവ് ആറ്റിൽ കുളിക്കാനിറങ്ങി മുങ്ങിമരിച്ച സഹപാഠികളുടെ മൃതദേഹം പൊതുദർശനത്തിനെത്തിയതോടെ അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂൾ പരിസരം ദുഃഖസാന്ദ്രമായി. ഇന്നലെ വരെ തങ്ങളോടൊപ്പം കളിച്ചും ചിരിച്ചും കഴിഞ്ഞിരുന്ന അശ്വിൻ രാജിനേയും ജോസ് വിനേയും അവസാനമായി ഒരു നോക്കുകാണാൻ കാത്തുനിന്ന സഹപാഠികളും അദ്ധ്യാപകരും വിതുമ്പിക്കരഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം കഴിഞ്ഞ് ആംബുലൻസുകൾ 12.30 ഓടെ സ്കൂൾ കവാടത്തിൽ എത്തിച്ചേർന്നിരുന്നു. അതോടെ പ്രദേശം ജനസമുദ്രമായി സ്കൂൾ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തേക്ക് മൃതദേഹങ്ങൾ ഇറക്കി വച്ചതോടെ നാടിന്റെ ദുഃഖം പിന്നേയും അണപൊട്ടി. സഹപാഠികളിൽ ചിലർ പൊട്ടിക്കരഞ്ഞു. ചലനമറ്റ കുരുന്നുകളുടെ പാദങ്ങളിൽ പുഷ്പദളങ്ങളർപ്പിച്ചു കൊണ്ട് അദ്ധ്യാപകരും കൂട്ടുകാരും നാട്ടുകാരും ഇരുവരെയും വലംവച്ചു. തുടർന്ന്
ഒരു മണിയോടെ മൃതദേഹങ്ങൾ വഹിച്ചു കൊണ്ടുള്ള ആംബുലൻസുകൾ വീടുകളിലേക്ക് പുറപ്പെട്ടു. 2 മണിയോടെ ജോസ് വിന്റെയും 3 മണിക്ക് അശ്വിൻ രാജിന്റെയും സംസ്കാരം നടന്നു.
എം.എൽ.എമാരായ എം.വിൻസന്റ്, കെ.ആൻസലൻ, പൂവാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ലോറൻസ്, തിരുപുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീന ആൽബിൻ, വൈസ് പ്രസിഡന്റ് തിരുപുറം സുരേഷ്, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആര്യദേവൻ, പൂവാർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.എസ്.ഷിനു, ജോൺ ബ്രിട്ടാസ്, ശരത്ത് കുമാർ, തിരുപുറം ഗ്രാമ പഞ്ചായത്ത് അംഗം ഗോപാലകൃഷ്ണൻ, സ്കൂൾ മാനേജർ ഡോ.ജയകുമാർ, പ്രിൻസിപ്പൽ സജിത്ത്, പി.റ്റി.എ പ്രസിഡന്റ് സുരേഷ് കുമാർ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.രാജേന്ദ്രകുമാർ, കോവളം ഏരിയാകമ്മിറ്റി അംഗം അഡ്വ.അജിത്ത്, കോൺഗ്രസ് നേതാവ് എൻ.ആർ. സോമൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
കഞ്ചാംപഴിഞ്ഞി ജെ.ജി .ഹൗസിൽ ജോസഫ്- ഗ്രേസി ദമ്പതികളുടെ ഏക മകനാണ് ജോസ് വിൻ. കരുംകുളം തുറയടി തെക്കേക്കര വീട്ടിൽ അശോക് -രാഖി ദമ്പതികളുടെ രണ്ട് ആൺ മക്കളിൽ മൂത്തയാളാണ് അശ്വിൻ രാജ്.