
തിരുവനന്തപുരം: കോൺഗ്രസ് നവലിബറൽ സാമ്പത്തിക നയം തിരുത്താതെ ദേശീയബദൽ സാദ്ധ്യമല്ലെന്ന് സി.പി.ഐ ജനറൽസെക്രട്ടറി ഡി. രാജ. ബി.ജെ.പിയെ പരാജയപ്പെടുത്താൻ മതേതര, ജനാധിപത്യ കക്ഷികളെല്ലാം ഒരുമിക്കണം. പ്രാദേശിക രാഷ്ട്രീയകക്ഷികൾ ആത്മപരിശോധന നടത്തണമെന്നും സി.പി.ഐയുടെ 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത് രാജ പറഞ്ഞു.
കോൺഗ്രസിന്റെ നവലിബറൽ സാമ്പത്തിക നയങ്ങൾ ബി.ജെ.പി തീവ്രമായി നടപ്പാക്കുന്നു. മിശ്രിത സമ്പദ്‌വ്യവസ്ഥ വിഭാവനം ചെയ്‌ത നെഹ്റുവിയൻ നയത്തിലേക്കെങ്കിലും കോൺഗ്രസ് മടങ്ങണം. പ്രാദേശികകക്ഷികൾ വൈരുദ്ധ്യങ്ങൾ മാറ്റിവച്ച് ഐക്യത്തിന് തയാറാകണം. ബി.ജെ.പി- ആർ.എസ്.എസ് സഖ്യത്തെ തോല്പിക്കുകയാണ് പ്രധാനം. അതിന് സാധിച്ചില്ലെങ്കിൽ ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങും. 2024ലെ തിരഞ്ഞെടുപ്പ് നിർണായകമാണ്. ബി.ജെ.പി അധികാരത്തിലെത്തിയതോടെ രാഷ്‌ട്രീയത്തിൽ തീവ്ര വലതുപക്ഷ വ്യതിയാനം സംഭവിച്ചു. ഇത് ഫാസിസത്തിലേക്ക് നയിക്കും. ജന ജീവിതം ദുസ്സഹമായി. ഈ വിഷയങ്ങളേറ്റെടുത്തുള്ള പോരാട്ടം കമ്മ്യൂണിസ്റ്റുകാരുടെ കടമയാണ്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്.
പ്രാദേശികപാർട്ടികളിൽ ചില മാറ്റങ്ങൾ കാണുന്നുണ്ട്. തമിഴ്നാട്ടിൽ ഇടതുപക്ഷ, മതേതര പാർട്ടികളുമായി യോജിക്കാൻ ഡി.എം.കെ തയാറായി. ഫെഡറൽഘടനയെ തകർക്കുന്ന കേന്ദ്ര നയങ്ങളെ അവർ എതിർക്കുന്നു. ബീഹാറിൽ നിതീഷ് കുമാർ ബി.ജെ.പി പാളയം വിട്ടു. ചിലർ ചാഞ്ചാടി നിൽക്കുന്നുണ്ട്. അവരെ രാജ്യത്തിന്റെ ഗുരുതരാവസ്ഥ ബോദ്ധ്യപ്പെടുത്തി ഒപ്പമെത്തിക്കണം.
കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണം
തത്വാധിഷ്ഠിതമായി കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഏകീകരണമാണ് സി.പി.ഐ നിലപാടെന്ന് രാജ പറഞ്ഞു. മറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടികളും ഗ്രൂപ്പുകളും ഇതിൽ ആത്മപരിശോധന നടത്തണം. 1989ൽ രാജേശ്വരറാവു പാർട്ടി ജനറൽ സെക്രട്ടറിയായിരിക്കെ മുന്നോട്ടുവച്ചതാണ് കമ്മ്യൂണിസ്റ്റ് പുനരേകീകരണം.
ദേശീയതലത്തിൽ ഇടതുപാർട്ടികളുടെ ഏകോപനമുണ്ടെങ്കിലും സംസ്ഥാനങ്ങളിൽ അങ്ങനെയല്ല. കേരളവും ബംഗാളും ഉദാഹരണം. രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടിയാണ് നമ്മുടേത്. രാജ്യത്തെ നയിക്കാൻ ആദ്യം നമ്മൾ ശക്തിപ്പെടണം. പാർലമെന്റിൽ നമ്മുടെ അംഗബലം കുറവാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പിറകിലായാലും പാർട്ടിയുടെ രാഷ്ട്രീയ സ്വാധീനം വിശാലമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വിടവ് എങ്ങനെ മറികടക്കാമെന്ന് ചിന്തിക്കണം. കോൺഗ്രസ് മുക്തഭാരതമാണ് ബി.ജെ.പി പറയുന്നതെങ്കിലും അവരുടെ ലക്ഷ്യം കമ്മ്യൂണിസ്റ്റുകളാണ്. സ്വാതന്ത്ര്യസമരതിൽ പങ്കാളിയാവാത്തതിന്റെ അപകർഷതയിലാണ് ആർ.എസ്.എസും ബി.ജെ.പിയും. കമ്മ്യൂണിസം അപകടകരവും കാട്ടുതീയുമാണെന്ന് മോദി പറയുന്നു. എന്നാൽ ഈ ആശയം അദ്ധ്വാനിക്കുന്നവർക്കും തൊഴിലാളികൾക്കും ആശ്രയമാണ്. താഴെത്തട്ടിൽ പാർട്ടിയെ ചലനാത്മകമാക്കാൻ ജനങ്ങളിലേക്കിറങ്ങിച്ചെല്ലണം. പാർട്ടി അമ്മയാണ്. ആ അമ്മയ്ക്ക് സ്നേഹവും ശക്തിയും നൽകണമെന്നും രാജ പറഞ്ഞു.