തിരുവനന്തപുരം: കടൽക്ഷോഭത്തെ തുടർന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം അടച്ച ശംഖുംമുഖം ബീച്ച് സഞ്ചാരികൾക്കായി തുറന്ന് നൽകാൻ ടൂറിസം വകുപ്പ് ഒരുങ്ങുന്നു. കാലവർഷം അവസാനിക്കുകയും കടൽ ഇറങ്ങുകയും ചെയ്തതോടെയാണ് ബീച്ചിൽ ആളുകളെ പ്രവേശിപ്പിക്കാൻ അനുമതി ആവശ്യപ്പെട്ട് ജില്ലാ ടൂറിസം വകുപ്പ് കളക്ടർക്ക് കത്ത് നൽകിയത്.
നഗരത്തിൽ വിദേശികളുൾപ്പെടെയുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് പ്രശസ്ത ശില്പി കാനായിയുടെ മത്സ്യകന്യക ശില്പമുൾപ്പെടുന്ന ശംഖുംമുഖം ബീച്ച്. ടൂറിസ്റ്റ് സീസണും ഇലക്ട്രിക് ട്രെയിനുൾപ്പെടെയുള്ള റൈഡുകളും ആരംഭിച്ചതോടെ ശംഖുംമുഖത്ത് വിനോദ സഞ്ചാരികളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. കടലടങ്ങുകയും മണലടിഞ്ഞ് തീരം രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിൽ സഞ്ചാരികൾക്ക് കാഴ്ചകൾ ആസ്വദിക്കാൻ അവസരമുണ്ടാക്കാനാണ് ടൂറിസം വകുപ്പിന്റെ ശ്രമം. ബീച്ച് തുറക്കുന്നതോടെ സന്ദർശകരുടെ എണ്ണം ഇപ്പോഴത്തേതിന്റെ പതിൻമടങ്ങായി ഉയരും. വാഹന പാർക്കിംഗിലൂടെയും മറ്റും വരുമാനവും വർദ്ധിക്കും.
ബീച്ചും പരിസരവും നൈറ്റ് ലൈഫ് സ്ട്രീറ്റാക്കും
ശംഖുംമുഖം ബീച്ചിനെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ബീച്ചും പരിസരവും നൈറ്റ് ലൈഫ് സ്ട്രീറ്റാക്കാനുള്ള പദ്ധതി ടൂറിസം വകുപ്പിന്റെ സജീവ പരിഗണനയിലാണ്. ഇതിനായി ശംഖുംമുഖത്തെ കടകൾ ക്രമീകരിക്കും. കട നടത്തുന്നവർക്ക് യൂണിഫോമും ഫുഡ് ലൈസൻസും നൽകും. രാത്രിയിൽ വിനോദത്തിനായി ആളുകൾക്ക് തമ്പടിക്കാൻ പറ്റിയ സ്ഥലമാക്കി ശംഖുംമുഖത്തെ മാറ്റുകയാണ് ലക്ഷ്യം. ഇതിനായി അമ്യൂസ്‌മെന്റ് പാർക്ക് സ്ഥാപിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി ഇഷ്ട ഗെയിമുകളും ഇവിടെയുണ്ടാകും. നിലവിലെ മുത്തുച്ചിപ്പി പാർക്ക് സീ വ്യൂ കഫേയാക്കി സഞ്ചാരികൾക്ക് ഇഷ്ട വിഭവങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കും. സുനാമി പാർക്ക് കുടുംബശ്രീ ഉൾപ്പെടെയുള്ള സംരംഭങ്ങൾ നിർമ്മിക്കുന്ന തദ്ദേശീയമായ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള മാർക്കറ്റാക്കി മാറ്റാനുമാണ് ഉദ്ദേശിക്കുന്നത്.