robot

 റോബോട്ടിക്സ് മേഖലയ്ക്ക് കരട് വ്യവസായനയത്തിൽ ഊന്നൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കരട് വ്യവസായനയത്തിൽ റോബോട്ടിക്‌സ് മേഖലയുടെ ഉന്നമനത്തിന് പ്രത്യേക ഊന്നൽ. ഡിജിറ്റൽകാലത്ത് ഏറെ സാദ്ധ്യതയുള്ള വ്യവസായരംഗമെന്ന നിലയിലാണിത്. സ്‌റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ മേഖലയ്ക്ക് പ്രത്യേക ഇളവുകൾ നൽകാനും തീരുമാനമുണ്ട്.

റോബോട്ടുകളുടെ രൂപകല്പന,​ നിർമ്മാണം തുടങ്ങിയവയ്ക്കാണ് ഇളവുകൾ ഉറപ്പാക്കുക. തൊഴിലവസരങ്ങൾ കൂടാൻ ഇതുസഹായിക്കും. വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കൽ,​ ജി.എസ്.ടി തുക മടക്കിനൽകൽ ഉൾപ്പെടെ ഇളവുകളാണ് നൽകുക. റിസർച്ച് ലാബ്,​ അടിസ്ഥാനസൗകര്യം ഉറപ്പാക്കൽ എന്നിവയിൽ വ്യവസായവകുപ്പിന്റെ സഹായമുണ്ടാകും. വനിതാ സംരംഭകർക്ക് ഭൂമി രജിസ്ട്രേഷൻ ഫീസ്,​ സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ ഒഴിവാക്കും.

ആദ്യഘട്ടത്തിൽ ആരോഗ്യ,​ ദുരന്തനിവാരണ,​ കാർഷികമേഖലകളിൽ റോബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്തും. റോബോട്ടിക്സ് ഉൾപ്പെടുന്ന ഇലക്ട്രോണിക് വ്യവസായങ്ങൾ തുടങ്ങാൻ ജപ്പാൻ,​ തായ്‌വാൻ കമ്പനികൾ താത്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഇന്ത്യൻ ഇലക്ട്രോണിക്സ് സെമികണ്ടക്ടർ അസോസിയേഷനുമായി സർക്കാർതലത്തിൽ ചർച്ച നടന്നു. അടുത്ത വർഷമാദ്യം പ്രത്യേക പദ്ധതിരേഖ തയ്യാറാക്കും.

വലിയലക്ഷ്യം

 സംസ്ഥാനത്ത് റോബോട്ടിക്സ് വ്യവസായം വിപുലപ്പെടുത്തുക.

 വിദേശ കമ്പനികളെ ആകർഷിച്ച് നിക്ഷേപം നേടുക.

കൂടുതൽ വിദേശ നിക്ഷേപം

 കയറ്റുമതിയിലൂടെ കൂടുതൽ വരുമാനം.

ആദ്യഘട്ട മേഖലകൾ

 ആരോഗ്യം

ആശുപത്രികളിൽ റോബോട്ടുകളെ ഉപയോഗിക്കും. കൊവിഡ്,​ നിപ പോലുള്ള പകർച്ചവ്യാധി സാഹചര്യങ്ങളിൽ റോബോട്ട് സഹായത്തോടെ മനുഷ്യസമ്പർക്കം കുറയ്ക്കാം.

 ദുരന്തനിവാരണം

മനുഷ്യന് എത്തിപ്പെടാനാവാത്ത ഇടങ്ങളിൽ റോബോട്ടുകളെ ഉപയോഗിക്കാം. തീപിടിത്തം, വിഷവാതക ചോർച്ച തുടങ്ങിയവ ഉണ്ടായാലും പ്രയോജനപ്പെടുത്താം.

 കാർഷികം

വിത്ത് വിതയ്ക്കാനും വിളവെടുക്കാനും പ്രയോജനപ്പെടുത്താം. ക്ഷീരോത്പാദന മേഖലയിൽ റോബോട്ടുകളുടെ സഹായം വിദേശ രാജ്യങ്ങളിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.