
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം അതുൽകുമാർ അൻജാൻ പറഞ്ഞു. സി.പി.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിൽ അഭിവാദ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പി.എഫ്.ഐ എന്താണെന്ന് അവർ വിശദീകരിക്കണം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണത്തിന് കീഴിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണഘടനയും സംസ്കാരവുമെല്ലാം ഭീഷണിയിലാണ്. കാർഷികരംഗത്തെ കോർപ്പറേറ്റ് വത്കരണം കർഷകരെ കൃഷിഭൂമിയിൽ നിന്നകറ്റുന്നു. കാർഷികമേഖലയെ തകർക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നിയമവുമായി മോദിസർക്കാരെത്തിയത്. രാജ്യത്ത് യുവതലമുറയടക്കം എല്ലാവിഭാഗം ജനങ്ങളും സി.പി.ഐയിലേക്ക് അടുക്കുന്ന സാഹചര്യമുണ്ട്. എന്നാലും യുവാക്കളുടെ അംഗത്വമിപ്പോൾ കുറവാണ്. മദ്ധ്യവർഗ, ഉപരിമദ്ധ്യവർഗങ്ങളിൽ നിന്ന് ധാരാളം പേർ സി.പി.ഐയിലേക്ക് വരുന്നു. വനിതകളുടെ അംഗസംഖ്യ കുറവാണ്. പാർട്ടി ശക്തിപ്പെടാൻ അതിന്റെ ബ്രാഞ്ചുകൾ ശക്തിപ്പെടുത്തണമെന്നും അതുൽകുമാർ പറഞ്ഞു.