ചിറയിൻകീഴ്: കൺസഷൻ എടുക്കാൻ പോയ അച്ഛനെയും മകളെയും മർദ്ദിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ വെട്ടിലായതിനു പിന്നാലെ, നിറുത്തിയിട്ട ബസിൽ നേരത്തെ കയറിയതിന് യാത്രക്കാരെ തെറിവിളിച്ച് വനിതാ കണ്ടക്ടർ. ചിറയിൻകീഴ് താത്കാലികബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ആറ്റിങ്ങൽ ഡിപ്പോയിലെ വനിതാ കണ്ടക്ടർ കല്ലമ്പലം സ്വദേശിയാണ് യാത്രക്കാരെ തെറിവിളിച്ച് ബസിൽ നിന്നിറക്കിയത്. ചിറയിൻകീഴിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പുറപ്പെടാനായി സ്റ്റാൻഡിൽ കിടന്ന ബസിൽ കയറിയ യാത്രക്കാരോട് തനിക്ക് ഇവിടെയിരുന്ന് ഭക്ഷണം കഴിക്കണമെന്നും യാത്രക്കാർ പുറത്തിറങ്ങണമെന്നും പുറപ്പെടുമ്പോൾ കയറിയാൽ മതിയെന്നും കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു. ചിലർ ഇതിനെ ചോദ്യം ചെയ്തതോടെ പ്രകോപിതയായ കണ്ടക്ടർ യാത്രക്കാർക്ക് നേരെ അസഭ്യ വർഷം ചൊരിഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളായ യാത്രക്കാരെയും കണക്കിന് അധിക്ഷേപിച്ചു.
ഇറങ്ങിപ്പോടി, എനിക്ക് വീട്ടിലിരുന്ന് ജീവിക്കാനുള്ള നിവൃത്തിയുണ്ട്. എനിക്ക് ഭക്ഷണം കഴിക്കണം.. എനിക്ക് ആരെയും ഭയമില്ല. നിന്നെയൊക്കെ കൊണ്ട് ചെയ്യാൻ പറ്റുന്നത് പോയി ചെയ്യ് എന്ന് വെല്ലുവിളിച്ച് ബസിൽ കൈക്കുഞ്ഞുമായി ഇരുന്നവരെയും വയോധികരെയും ഉൾപ്പെടെ മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി ഡോർ അടയ്ക്കുകയായിരുന്നു.
ചിറയിൻകീഴ് മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ചിറയിൻകീഴ് ബസ് സ്റ്റാൻഡ് റോഡ് അടച്ചിരിക്കുന്നതിനാൽ വലിയകട സ്വാമിജി ഓഡിറ്റോറിയത്തിന് മുമ്പിലാണ് താത്കാലികസ്റ്റാൻഡ്. ഇവിടെ പൊരിവെയിലായതിനാൽ യാത്രക്കാർ ബസിൽ കയറിയിരിക്കുന്നത് പതിവാണ്.
സമൂഹ ദൃശ്യമാദ്ധ്യമങ്ങളിൽ അസഭ്യവർഷം ചൊരിയുന്ന വീഡിയോ പ്രചരിച്ചതോടെ വൈകിട്ട് 5മണിക്ക് ചിറയിൻകീഴിൽ തിരിച്ചെത്തിയ ബസിന്റെ ട്രിപ്പ് ക്യാൻസൽ ചെയ്ത് ഡിപ്പോയിലെത്താൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏര്യാ പ്രസിഡന്റ് ജയശ്രീയും സെക്രട്ടറി എസ്.പ്രവീൺ ചന്ദ്രയും വനിതാകണ്ടക്ടർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.