
തിരുവനന്തപുരം: പ്രവർത്തനത്തിനനുസരിച്ചുള്ള നേട്ടം തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കുണ്ടായില്ലെന്ന് സി.പി.ഐയുടെ സ്വയം വിമർശനം. അതേസമയം, എൽ.ഡി.എഫിന് തുടർഭരണം ലഭിക്കുന്നതിൽ സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകൾ സ്തുത്യർഹവും നിർണായകവുമായ പങ്ക് വഹിച്ചെന്നും വിലയിരുത്തി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 15,29,235 വോട്ടുകളും 17 സീറ്റുകളും ലഭിച്ചു. സ്വതന്ത്രന്മാരുൾപ്പെടെ 25 സീറ്റുകളിൽ മത്സരിച്ചപ്പോഴാണിത്. മുൻ തിരഞ്ഞെടുപ്പിൽ കിട്ടിയതിൽ നിന്ന് രണ്ട് സീറ്റ് കുറഞ്ഞു. 8.15 ശതമാനമാണ് വോട്ട് വിഹിതം. ഈ കുറവ് അവഗണിക്കാനാവുന്നതല്ലെന്ന് സംസ്ഥാനസമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ, പ്രവർത്തന റിപ്പോർട്ടുകളിൽ പറയുന്നു.
തിരഞ്ഞെടുപ്പ് ഫലം കമ്യൂണിസ്റ്റ് പാർട്ടിക്കും ബഹുജനപ്രസ്ഥാനങ്ങൾക്കും ഈ കാലയളവിലുണ്ടായ വളർച്ചയെയും പ്രവർത്തനരംഗത്ത് പ്രകടമായ ഊർജ്ജസ്വലതയെയും പ്രതിഫലിപ്പിക്കുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലാകട്ടെ സി.പി.ഐക്ക് ലഭിച്ചത് 6.08 ശതമാനം വോട്ടാണ്.
പുതുതായി എൽ.ഡി.എഫിൽ ചേർന്ന കേരള കോൺഗ്രസിന് മുൻ നിയമസഭാ തിരഞ്ഞെടുപ്പിലെ 3.99ൽ നിന്ന് 0.71 ശതമാനം വോട്ടുകൾ കുറഞ്ഞു. എന്നാൽ 12 സീറ്റുകളിൽ മത്സരിച്ച അവർക്ക് അഞ്ച് സീറ്റുകളിൽ ജയിക്കാനായി. 77 സീറ്റുകളിൽ മത്സരിച്ച സി.പി.എമ്മിന് 62 സീറ്റുകളിൽ ജയിക്കാനായെങ്കിലും വോട്ട് വിഹിതത്തിൽ 1.14 ശതമാനം കുറവുണ്ടായി.
കോൺഗ്രസ് ദുർബലം
കോൺഗ്രസ് ഏറ്റവും ദുർബലാവസ്ഥയിലാണെന്ന് റിപ്പോർട്ട് പറയുന്നു. പ്രതിപക്ഷത്തെ യോജിപ്പിക്കാനോ ഏകോപിപ്പിക്കാനോ കഴിവില്ലാതായി. സംഘടനാപരമായും രാഷ്ട്രീയമായും കടുത്ത ആശയക്കുഴപ്പത്തിലാണ് കോൺഗ്രസ്. പ്രബലരായ നേതാക്കളും അണികളും ബി.ജെ.പിയിലേക്ക് ചേക്കേറുന്നു. ബി.ജെ.പിയും സംഘപരിവാറും നേതൃത്വം നൽകുന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദൽ ഹിന്ദുയിസമോ മൃദുഹിന്ദുത്വമോ ന്യൂനപക്ഷ തീവ്രവാദമോ അല്ല. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത മാത്രമാണ്.
കോൺഗ്രസ് ശൂന്യത ഡൽഹിയിൽ നികത്തുകയും ബി.ജെ.പിയെ ശക്തമായി പ്രതിരോധിക്കുകയും ചെയ്യുന്ന ആംആദ്മി പാർട്ടി, പഞ്ചാബിലെ വിജയം ദേശീയതലത്തിൽ വ്യാപിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. പ്രത്യയശാസ്ത്ര ഭാണ്ഡക്കെട്ടുകളില്ലാത്ത ഈ മദ്ധ്യവർഗപാർട്ടിയുടെ വളർച്ച പഠനവിധേയമാക്കണം. ഇടതുപക്ഷം പതിറ്റാണ്ടുകളോളം ആധിപത്യം നിലനിറുത്തിയിരുന്ന പശ്ചിമബംഗാൾ, ത്രിപുര സർക്കാരുകളുടെ പതനവും ഇടതുപക്ഷം അപ്രസക്തമായതുമായ രാഷ്ട്രീയപ്രതിഭാസം യാഥാർത്ഥ്യബോധത്തോടെയും സത്യസന്ധമായും വിലയിരുത്തപ്പെടണം.
രാഹുൽഗാന്ധിയുടെ
മത്സരം തെറ്റ്
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പിയിലെ പരമ്പരാഗത സീറ്റുപേക്ഷിച്ച് രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചത് ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ ഒരുമിച്ച് നീങ്ങേണ്ട ഇടതുപക്ഷത്തോട് പുലർത്തേണ്ട സൗഹൃദനിലപാടിന് വിരുദ്ധമായിരുന്നു. ശബരിമല വിഷയത്തിൽ കോൺഗ്രസ് വർഗീയ സാമുദായികസംഘടനകൾക്കൊപ്പംചേർന്ന് തികച്ചും അവസരവാദപരമായ സമീപനമെടുത്തു.