തിരുവനന്തപുരം: കരിയിൽ തോട്ടിലെ കൈയേറ്റഭൂമി നിയമപരമായി പതിച്ചു കിട്ടുന്നതിനായി സ്വകാര്യ വ്യക്തി നൽകിയ ഹർജി കോടതി ചെലവ് സഹിതം തള്ളി. സ്വകാര്യ വ്യക്തി സർക്കാർ വക തോട് കൈയേറിയെന്ന സർക്കാർ വാദം അംഗീകരിച്ച കോടതി സ്വകാര്യ വ്യക്തിയിൽ നിന്ന് സർക്കാർ വക കൈയേറ്റ ഭൂമി തിരിച്ച് പിടിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. മൂന്നാം അഡിഷണൽ മുൻസിഫ് ജയന്തിന്റേതാണ് ഉത്തരവ്.
നഗരസഭയിലെ അഞ്ച് പ്രധാന വാർഡുകളായ മുട്ടത്തറ, കളിപ്പാൻകുളം, ശ്രീവരാഹം, കമലേശ്വരം, അമ്പലത്തറ വാർഡുകളിലെ മഴ വെള്ളം മുട്ടത്തറ തൃമൂർത്തി നഗറിന് പിറകിലൂടെ ഒഴുകുന്ന കരിയിൽ തോടിലാണ് ചെന്ന് ചേരുന്നത്. ആശാൻ നഗർ വഴി പുത്തൻപാലം തെക്കനം കര കനാലിലൂടെ കരിയിൽ തോട് പാർവതി പുത്തനാറിൽ കരിയിൽ തോട് സംഗമിക്കുന്നു. ആദ്യം ആറ് മീറ്റർ വീതി ഉണ്ടായിരുന്ന തോട് സമീപവാസികളുടെ കൈയേറ്റത്തെ തുടർന്ന് മൂന്ന് മീറ്ററായി ചുരുങ്ങിയിരുന്നു.
ഓപ്പറേഷൻ അനന്തയുടെ ഭാഗമായി അന്നത്തെ കളക്ടർ ബിജു പ്രഭാകറാണ് സ്വകാര്യ വ്യക്തികളിൽ നിന്ന് കൈയേറ്റഭൂമി തിരിച്ച് പിടിച്ച് കരിയിൽ തോടിലൂടെയുള്ള ഒഴുക്ക് സുഗമമാക്കിയത്. ഇതിലൂടെ നഗരത്തിലെ വെള്ളക്കെട്ടും അഞ്ച് വാർഡുകളിലെ വെള്ളപ്പൊക്കവും ഒരു പരിധിവരെ നിയന്ത്റിക്കാനായി. സർക്കാർ ഭൂമി തിരിച്ച് പിടിച്ചതിനെതിരെയാണ് മണക്കാട് സ്വദേശിയായ വീട്ടമ്മ കോടതിയെ സമീപിച്ചിരുന്നത്. സർക്കാരിന് വേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.