തിരുവനന്തപുരം: ഗണേശ സ്തുതിയോടെ പദ്മപ്രിയ ചുവടുവച്ചതോടെ കലയുടെ നിറസായാഹ്നമായ 45-ാമത് സൂര്യഫെസ്റ്റിന് തുടക്കമായി. തൈക്കാട് ഗണേശത്തിലാണ് 111 ദിവസം നീണ്ടുനിൽക്കുന്ന മേളയ്‌ക്ക് ആരംഭമായത്. ദേവിയുടെ ഒമ്പതുഭാവങ്ങൾ പകരുന്ന രാഗമാലികയിലൂടെയും കൃഷ്ണനെ തെരയുന്ന രാധയുടെ വിരഹം ചൊല്ലുന്ന വർണത്തിലൂടെയും പദ്മപ്രിയ നൃത്തമാടി. താരത്തിന്റെ മാതാപിതാക്കളായ ജാനകി രാമനും വിജയയും ഭർത്താവ് ജസ്‌മിൻ ഷായും നൃത്തം ആസ്വദിക്കാനെത്തിയിരുന്നു.
തൈക്കാട് വാർഡ് കൗൺസിലർ മാധവദാസിനെയും ഗായകനും സംഗീതസംവിധായകനുമായ കല്ലറ ഗോപനെയും ചടങ്ങിൽ ആദരിച്ചു.
തൈക്കാട് ഗണേശം, എ.കെ.ജി ഹാൾ എന്നിവിടങ്ങളിൽ 10 വരെ വൈകിട്ട് 6.45 നടക്കുന്ന നൃത്തസംഗീതോത്സവത്തിൽ വരും ദിവസങ്ങളിൽ രമാ വൈദ്യനാഥൻ, മീനാക്ഷി ശ്രീനിവാസൻ, പ്രിയദർശിനി ഗോവിന്ദ്, ട്രിവാൻഡ്രം കൃഷ്ണകുമാർ, ബിന്നി കൃഷ്ണകുമാർ എന്നിവരുടെ സംഗീതകച്ചേരിയും ആശാ ശരത്, സുനന്ദാ നായർ, ജാനകീ രംഗരാജൻ, നവ്യാനായർ, ഷർമിളാ മുക്കർജി, മധുമിതാ റോയ് തുടങ്ങി ശോഭന എന്നിവർ നൃത്താവതരണങ്ങളുമായെത്തും.
11 മുതൽ 15 വരെ പഞ്ചരത്ന വനിതാ പ്രസംഗമേളയും വനിതാ ചലച്ചിത്രമേളയും നടക്കും. പ്രസംഗമേളയിൽ അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി, കെ.കെ. ഷൈലജ, ഭാഗ്യലക്ഷ്മി, നടി ശ്വേതാമേനോൻ, അഞ്ജു ബോബിജോർജ് എന്നിവർ പങ്കെടുക്കും. 2023 ജനുവരി 21ന് എ.കെ.ജി ഹാളിൽ മഞ്ജുവാര്യരുടെ കുച്ചിപ്പുടിയോടെയാണ് മേളയ്ക്ക് സമാപനമാകുന്നത്. കഴിഞ്ഞ 44 വർഷമായി ഒക്ടോബർ ഒന്നിന് യേശുദാസിന്റെ കച്ചേരിയോടെയാണ് മേള ആരംഭിച്ചിരുന്നത്. യേശുദാസിന്റെ കച്ചേരി ഡിസംബർ ഏഴിന് നടക്കും.