
തിരുവനന്തപുരം:പാർട്ടിയിൽ സമവായത്തിനും ആശയദൃഢതയ്ക്കും മാതൃകയായിരുന്നു കോടിയേരിയെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി.വിദ്യാർത്ഥികാലം മുതലുള്ള പരിചയമാണ് കോടിയേരിയുമായി. ഒരു കട്ടിലിൽ കിടന്നുറങ്ങി പാർട്ടി പ്രവർത്തനം നടത്തി വളർന്നവർ. കൊൽക്കത്തിൽ പാർട്ടി സമ്മേളനം കഴിഞ്ഞ് ചെന്നൈയിലെത്തി കോടിയേരിയുടെ ബന്ധുവീട്ടിൽ തിണ്ണയിൽ പായവിരിച്ച് ഒരുമിച്ച് കിടന്നുറങ്ങിയിട്ടുണ്ട്. പൊതുജനങ്ങളുമായി എപ്പോഴും സമരസപ്പെട്ട് പ്രവർത്തിക്കണമെന്ന് ഉപദേശിക്കുമായിരുന്നു.കാറിൽ പോകുമ്പോൾ റോഡിന്റെ വശങ്ങളിൽ നിൽക്കുന്നവരെ ശ്രദ്ധിക്കണം.കൈവീശിക്കാണിക്കണം എന്നെല്ലാം പറയുമായിരുന്നു.അതൊക്കെ ജനങ്ങൾക്ക് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളാണ്.ജനങ്ങളുടെ പ്രശ്നങ്ങളിൽ അദ്ദേഹം എപ്പോഴും ഇടപെട്ടുകൊണ്ടിരുന്നു.സാധിക്കുന്ന കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കുമായിരുന്നു.നല്ല പൊതുപ്രവർത്തകനായിരുന്നു.
ഏവർക്കുംം പ്രിയങ്കരൻ:വി.ഡി. സതീശൻ
അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഷ്ട്രീയമായിരുന്നു ജീവശ്വാസം. സ്ഥായിയായ ചിരിയും സ്നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ എല്ലാവർക്കും പ്രിയങ്കരനായി.
ഏവർക്കും സ്വീകാര്യൻ: ഉമ്മൻ ചാണ്ടി
രാഷ്ട്രീയമായി വിരുദ്ധ ചേരിയിൽ നിന്നപ്പോഴും വ്യക്തിപരമായ അടുപ്പം സൂക്ഷിച്ച കോടിയേരി ബാലകൃഷ്ണൻ എല്ലാവർക്കും സ്വീകാര്യനായ നേതാവായിരുന്നുവെന്ന് മുൻ മുഖമന്ത്രി ഉമ്മൻ ചാണ്ടി. സ്നേഹപൂർണമായ ഇടപെടലിലൂടെ അദ്ദേഹം എല്ലാവരുടെയും ആദരവ് നേടി. കലാലയ രാഷ്ട്രീയത്തിലൂടെ പടിപടിയായി ഉയർന്ന് സിപിഎമ്മിന്റെ ഏറ്റവും ഉന്നതപദവിയിലെത്തി. എംഎൽഎ, മന്ത്രി തുടങ്ങിയ പദവികളിലിരുന്ന് മികച്ച പ്രകടനം നടത്തിയ കോടിയേരി ഏറെ ജനകീയനായിരുന്നു. അദ്ദേഹത്തിന്റെ അകാലവിയോഗത്തിൽ അഗാധമായി ദുഃഖിക്കുന്നു.
പ്രഗത്ഭനായ
ആഭ്യന്തരമന്ത്രി:സി. ദിവാകരൻ
കേരളം കണ്ട പ്രഗത്ഭനായ ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ അനുസ്മരിച്ചു. എല്ലാവരോടും ചിരിച്ചുകൊണ്ട് മാത്രം സംസാരിച്ചിരുന്ന അപൂർവ നേതാവായിരുന്നു കോടിയേരി. ശക്തനും വിട്ടുവീഴ്ചയില്ലാത്തതുമായ നേതാവായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് തനിക്കും കുടുംബത്തിനും വ്യക്തിപരമായ നഷ്ടമാണ്.
പകരക്കാരനില്ല:
വി.മുരളീധരൻ
കേരള രാഷ്ട്രീയത്തിന്റെ വലിയ നഷ്ടമാണ് കോടയേരി ബാലകൃഷ്ണണന്റെ വേർപാടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാഷ്ട്രീയ വ്യത്യാസമില്ലാതെ സ്വീകാര്യനായായിരുന്നു. കാർക്കശ്യക്കാരനായ കമ്മ്യൂണിസ്റ്റായിരുന്നപ്പോഴും എന്തിനേയും ചിരിയോടെ സമീപിച്ച നേതാവായിരുന്നു. പ്രായോഗിക രാഷ്ട്രീയത്തിന്റെ പകരംവയ്ക്കാനില്ലാത്ത നേതാവാണ് വിടവാങ്ങുന്നത്.