
ചെമ്മീൻ ഹിറ്റായി നിൽക്കുന്ന സമയത്താണ് സംവിധായകനായ രാമു കാര്യാട്ടിനോട് ബോളിവുഡിലെ വിഖ്യാത സംവിധായകൻ കെ.എ. അബ്ബാസ് തന്റെ പുതിയ സിനിമയെക്കുറിച്ച് പറയുന്നത്. പോർച്ചുഗീസുകാരുടെ കൈയിൽ നിന്ന് ഗോവയെ വിമോചിപ്പിക്കാൻ പോകുന്ന ഏഴ് ഇന്ത്യാ ക്കാരുടെ കഥയാണ്. പല മേഖലകളിൽ നിന്നുള്ള നായകന്മാരെയാണ് ഉദ്ദേശിക്കുന്നതെന്നും കേരളത്തിൽ നിന്ന് പറ്റിയ നടനാരാണെന്ന് ചോദിക്കുകയും ചെയ്തപ്പോൾകാരാട്ട് നിർദ്ദേശിച്ചത് എന്റെ പേരായിരുന്നു.
മധുവിന് ഹിന്ദിയും നന്നായറിയാം എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് ഞാൻ 'സാത്ത് ഹിന്ദുസ്ഥാനി"യിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ബോംബെ റെയിൽവേ സ്റ്റേഷനിലെത്തുമ്പോഴാണ് ആദ്യമായി അമിതാഭ് ബച്ചനെ കാണുന്നത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായിരുന്നു അത്. ബോളിവുഡിൽ എന്റെയും ആദ്യ ചിത്രമായിരുന്നു സാത്ത് ഹിന്ദുസ്ഥാനി. വളരെ സന്തോഷത്തോടെ പരസ്പരം പരിചയപ്പെട്ടു. ഷൂട്ടിംഗ് സമയത്ത് കൂടുതൽ അടുപ്പമായി. ഞങ്ങൾ ഏഴുപേരായിരുന്നു ഒപ്പമുണ്ടായിരുന്നത്. വളരെ ആസ്വദിച്ച് അഭിനയിച്ചു. ഞങ്ങൾ ഒരു മുറിയിലായിരുന്നു താമസം. കൂട്ടത്തിൽ സീനിയർ താരമായ എനിക്കാണ് കട്ടിൽ കിട്ടുക. ബച്ചൻ നിലത്ത് കിടക്കും. പിന്നീട് ഇരുവരും അവരവരുടെ തിരക്കുകളിലേക്ക് പോയപ്പോൾ ബന്ധവും കുറഞ്ഞു. ഏതെങ്കിലും ചടങ്ങുകളിലോ പരിപാടികളിലോ കാണുമ്പോൾ സൗഹൃദം പുതുക്കും. മികച്ച നടനാണ് അദ്ദേഹം. ബച്ചന്റെ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. പലതും വളരെ ഇഷ്ടവുമാണ്. ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികാഘോഷം ചെന്നൈയിൽ നടക്കുമ്പോഴാണ് ഒടുവിൽ കണ്ടത്. അന്ന് സംസാരിച്ചിരുന്നു. കാലമെത്ര കഴിഞ്ഞാലും ഒപ്പമുണ്ടായിരുന്നവരെ കാണുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തന്നെയാണ്. എൺപതാം പിറന്നാളാഘോഷിക്കുന്ന ബച്ചന് ജന്മദിനാശംസകൾ നേരുന്നു.
ശുബോധ് ധന്യാൽ എന്ന ബംഗാളി ഫുട്ബോൾ കളിക്കാരനായാണ് മധു 'സാത്ത് ഹിന്ദുസ്ഥാനി"യിൽ അഭിനയിച്ചത്. അൻവർ അലിയെന്ന കവിയുടെ വേഷമായിരുന്നു ബച്ചന് . 1969 നവംബർ ഏഴിന് ചിത്രം റിലീസ് ചെയ്തു.
(ആശാ മോഹനോടു പറഞ്ഞത്)