
കോവളം: സഞ്ചാരികളെ വട്ടം ചുറ്റിച്ച് കഴക്കൂട്ടം - കാരോട് ബൈപാസിലെ കോവളം ജംഗ്ഷൻ. നഗരത്തിൽ നിന്നും വരുന്ന നൂറു കണക്കിന് വാഹനങ്ങൾ കോവളം ജംഗ്ഷനിൽ എത്തിയശേഷം എങ്ങോട്ട് പോകണമെന്നറിയാതെ വട്ടം ചുറ്റി പോകുന്ന അവസ്ഥയാണിപ്പോൾ. പതിനഞ്ചോളം പേരാണ് ഈ ഭാഗത്ത് അപകടത്തിൽപ്പെട്ടത്. നിരവധി പേർക്ക് അംഗവൈകല്യവും വന്നിട്ടുണ്ട്. കാരോട് ബൈപാസിൽ പുന്നക്കുളം വരെയുള്ള ഭാഗം തുറന്നതോടെയാണ് കോവളം ജംഗ്ഷനിൽ വാഹനങ്ങൾ നിയന്ത്രണമില്ലാതെ അലക്ഷ്യമായി ചീറിപ്പായാൻ തുടങ്ങിയത്. പല അപകടങ്ങളും കാറും ബെെക്കും തമ്മിലായിരുന്നു. യുവതീയുവാക്കളുടെ ഫോട്ടോ ഷൂട്ടും ബൈക്ക് റേസിംഗുമൊക്കെ തകൃതിയായി നടക്കുന്ന ഇടമാണ് കോവളം മുതൽ തലയ്ക്കോട് വരെയുള്ള ബൈപാസ് ഭാഗം. റോഡ് പണി പൂർത്തിയായ കല്ലുവെട്ടാൻകുഴി, മുക്കോല, തലക്കോട് ഭാഗങ്ങളിലാണ് ബൈക്ക് റേസിംഗ് കൂടുതലായും നടക്കുന്നത്. മുക്കോല തലയ്‌ക്കോട് വരെ 5 കിലോമീറ്റർ റോഡ് നീണ്ടുനിവർന്ന് കിടക്കുകയാണ്. ഇതിൽ തുടക്കത്തിലും അവസാനത്തിലും മാത്രമേ എൻ.എച്ചിലേക്ക് അപ്രോച്ച് റോഡ് താത്കാലികമായി നല്‍കിയിട്ടുള്ളൂ. അതിനാൽ എന്തെങ്കിലും അപകടം നടന്നാൽ രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് പെട്ടെന്ന് എത്താൻ ബുദ്ധിമുട്ടാണ്.
സിഗ്നൽ ലൈറ്റ് സ്ഥാപിക്കണം
ദിശാ ബോർഡുകളും സിഗ്നൽ ലൈറ്റുകളും സ്ഥാപിക്കാത്തതാണ് ഇവിടെയുള്ള പ്രധാന വെല്ലുവിളി. ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ അധികൃതൽ 14 ലക്ഷത്തോളം രൂപ കെൽട്രോൺ കമ്പനിക്ക് നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.
റോഡിൽ തിരക്കേറുന്നു
ഞായറാഴ്ച അടക്കമുള്ള അവധി ദിനങ്ങളിൽ രാവിലെ മുതൽ തന്നെ ഫോട്ടോ ഷൂട്ടിംഗിനുള്ള യുവതീയുവാക്കളുടെ സംഘം ഈ റോഡിൽ സജീവമാണ്. കൂട്ടത്തിൽ മരണപ്പാച്ചിലുകാരായ ബൈക്ക് ഓട്ടക്കാരും. പൊലീസ് പെട്ടെന്ന് എത്തിപ്പെടില്ലെന്ന കാരണത്താൽ ബൈക്ക് റേസിംഗ് സംഘത്തിന്റെ ഇഷ്ട കേന്ദ്രമാണ് ഈ റോഡ്. പൂജാ അവധി ആഘോഷിക്കാൻ കോവളത്ത് കഴിഞ്ഞ ദിവസങ്ങളിൽ തിരക്ക് അനുഭവപ്പെട്ടു. ഇതിനിടയിൽ മുക്കോല ഭാഗത്തു നിന്നും വന്ന വാഹനങ്ങൾ കോവളം ജംഗ്ഷനിൽ എത്തിയതും ബീച്ചിൽ നിന്നും എത്തിയ വാഹനങ്ങളും തമ്മിൽ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടാൻ സാദ്ധ്യതയേറെയാണ്.
.