
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരെ ജീവിക്കാൻ അനുവദിക്കണമെന്ന് സാമൂഹ്യപ്രവർത്തക ദയാബായി പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച് സംസാരിക്കുകയായിരുന്നു അവർ. ദുരിതബാധിതരുടെ പ്രശ്നങ്ങൾ നേരിട്ടറിയുന്നതിനാലാണ് സമരത്തിന് തയാറായത്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയാണ്. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി അടിയന്തരമായി മെഡിക്കൽ ക്യാമ്പ് നടത്തണം. ആരോഗ്യത്തോടെ ജീവിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു. എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർകോടിനെ കൂടി പരിഗണിക്കുക, ജില്ലയിലെ അഞ്ച് ആശുപത്രികളിൽ വിദഗ്ദധ ചികിത്സാ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിത ബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, ചികിത്സാ ക്യാമ്പ് പുനഃരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള സമരം കൂടംകുളം ആണവനിലയ വിരുദ്ധസമര നേതാവ് എസ്.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഫാ. യുജിൻ പെരേര, എൻ. സുബ്രഹ്മണ്യൻ, എസ്. രാജീവൻ, സോണിയ ജോർജ്, എം. സുൽഫത്ത്, ഷാജി അട്ടകുളങ്കര, തുളസീധരൻ പള്ളിക്കാൽ, ഡോ. സോണിയ മൽഹാർ, ശിവദാസൻ കൃപ പെരുമ്പാവൂർ, കരീം ചൗക്കി തുടങ്ങിയവർ പങ്കെടുത്തു.