
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനത്തിന് വഴങ്ങി കേരള സർവകലാശാല സെനറ്റ് യോഗം 11ന് ചേരും.
പുതിയ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുത്ത് അറിയിക്കണമെന്നത് ചാൻസലറുടെ ഉത്തരവാണെന്നും, അനുസരിച്ചേ മതിയാവൂ എന്നും ഗവർണർ കർശന നിർദ്ദേശം നൽകിയിരുന്നു. സെനറ്റ് യോഗ അറിയിപ്പ് രജിസ്ട്രാർ അംഗങ്ങൾക്ക് അയച്ചു. സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയുടെ തിരഞ്ഞെടുപ്പ് മാത്രമാണ് അജണ്ട. ഗവർണറുടെ നിർദ്ദേശപ്രകാരം ജൂലായ് 15ന് ചേർന്ന സെനറ്റ് യോഗം പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാനെ തിരഞ്ഞെടുത്തെങ്കിലും അദ്ദേഹം പിന്നീട് സ്ഥാനം ഒഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പകരക്കാരനെയാണ് 11ന് ചേരുന്ന സെനറ്റ് യോഗം തിരഞ്ഞെടുക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാൽ ഇടതുപക്ഷ അംഗങ്ങൾ പേര് നിദ്ദേശിക്കാൻ തയ്യാറാവുന്നില്ലങ്കിൽ, യു.ഡി.എഫ് അംഗങ്ങൾ നിർദ്ദേശിക്കുന്നയാളെ വി.സിക്ക് സെനറ്റ് പ്രതിനിധിയായി അംഗീകരിക്കേണ്ടിവരും.