പാറശാല: പാറശാലയിൽ അതിർത്തിക്ക് സമീപം പരശുവയ്‌ക്കലിൽ അനധികൃത മദ്യക്കച്ചവടം നടത്തിവന്ന ഒരാളെ അമരവിള എക്‌സസൈസ് സംഘം അറസ്റ്റ് ചെയ്തു. പരശുവയ്ക്കൽ പണ്ടാരക്കോണം മേക്കിൻകര പുത്തൻവീട്ടിൽ പൊടിയൻ എന്ന് വിളിക്കുന്ന വാട്സണാണ് (52) അറസ്റ്റിലായത്. പരശുവയ്ക്കൽ ലൂഥറൻ ചർച്ചിന് സമീപം റോഡ് വക്കിലായിരുന്നു വിദേശ മദ്യക്കച്ചവടം നടത്തിയിരുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് വില്പനയ്ക്കായി തമിഴ്‌നാട്ടിൽ നിന്ന് വാങ്ങി സൂക്ഷിച്ചിരുന്ന 150 മില്ലി ലിറ്റർ വീതമുള്ള 15 കുപ്പികളിലായി മൂന്നര ലിറ്ററോളം വരുന്ന വിദേശ മദ്യവും മദ്യവില്പനയ്ക്കായി ഉപയോഗിച്ചിരുന്ന ഹീറോഹോണ്ട ബൈക്കും എക്‌സസൈസ് സംഘം പിടിച്ചെടുത്തു. അമരവിള എക്സൈസ് ഇൻസ്‌പെക്ടർ വിനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.