വർക്കല: ഇടവ ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിലായി 85 വയോജന അയൽക്കൂട്ടങ്ങൾ വയോജനദിനത്തിൽ രൂപം കൊണ്ടു. വയോജനസൗഹൃദ സമൂഹം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് അയൽക്കൂട്ടങ്ങൾ രൂപീകരിച്ചത്. ഓരോ അയൽക്കൂട്ടങ്ങളിലും 10 മുതൽ 40 വരെ വൃദ്ധർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് തല കർമ്മ സമിതിയുടെ നേതൃത്വത്തിലും ആഹ്വാനത്തിലുമായിരുന്നു അയൽക്കൂട്ടങ്ങളുടെ രൂപീകരണം. ഗ്രാമപഞ്ചായത്തംഗങ്ങൾ, വയോജനകർമ്മസമിതി അംഗങ്ങൾ, വാർഡ്തല കർമ്മസമിതിഅംഗങ്ങൾ, സി.ഡി.എസ് അംഗങ്ങൾ, ശാസ്ത്രസാഹിത്യ
പരിഷത്ത്, പാലിയേറ്റീവ് കെയർ, ആരോഗ്യ പ്രവർത്തകർ, കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ തുടങ്ങിയവർ
അയൽക്കൂട്ടരൂപീകരണത്തിൽ പങ്കാളികളായി. വൃദ്ധജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഓരോ അയൽക്കൂട്ട അംഗങ്ങളിൽ നിന്നും മനസ്സിലാക്കി വിശകലനം ചെയ്ത് രജിസ്റ്ററിൽ രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്,വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്.കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.സതീശൻ, ഹർഷാദ് സാബു, ബിന്ദു.സി, കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ജി.രാജു, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ ജി.സരസാംഗൻ, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിനിധി സുരേഷ് കുമാർ, പ്രൊഫ. അബ്ദുൽറബ് തുടങ്ങിയവർ പങ്കെടുത്തു.