
പാലോട്: പ്രതിസന്ധിയുടെ കാലം കഴിഞ്ഞിട്ടും ദുരിതപൂർണമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് യാതൊരു മാറ്റവും ഉണ്ടാകാതെയും സഹായിക്കേണ്ട അധികൃതർ തിരിഞ്ഞുനോക്കാതെയും ആയതോടെ ഈറ്റത്തൊഴിലാളികളുടെ ജീവിതം വൻ പ്രതിസന്ധിയിലായിരിക്കുകയാണ്. അസംസ്കൃത വസ്തുവായ ഈറ്റ കിട്ടാനില്ലാത്തതും നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാത്തതുമാണ് ഇവരെ പട്ടിണിയിലേക്ക് തള്ളിവിടുന്നത്.ഇടിഞ്ഞാർ റോഡരികത്ത് വീട്ടിൽ ജോൺസൺ ഉദാഹരണം മാത്രമാണ്.എഴുപതുകാരനായ ഇദ്ദേഹത്തിന് വർഷങ്ങളായി ഈറ്റ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതാണ് ജോലി.വട്ടി,കുട്ട,മുറം,പായ തുടങ്ങിയവ നിർമ്മിച്ച് നൽകി ഉപജീവനം നടത്തിയിരുന്ന ഇദ്ദേഹത്തിന് വലിയ തിരിച്ചടിയാണ് ഇക്കഴിഞ്ഞ കൊവിഡ് കാലം സമ്മാനിച്ചത്. വിവാഹസദ്യ ഒരുക്കുന്ന ഇടങ്ങളിലേക്കാണ് കൂടുതൽ ഉത്പന്നങ്ങളും വിറ്റിരുന്നത്. എന്നാൽ ഇവന്റ് മാനേജ്മെന്റ് മേഖലയുടെ കടന്നകയറ്റത്തോടെ ഇവ നിലച്ചു.
നാമമാത്രമായ തൊഴിലാളികൾക്കാണ് സർക്കാരിന്റെ ക്ഷേമനിധി ആനുകൂല്യം ലഭിക്കുന്നതെന്നും പരാതിയുണ്ട്. പലരും കുലത്തൊഴിൽ ഉപേക്ഷിച്ച് മറ്റ് ജോലികൾക്ക് പോകേണ്ട അവസ്ഥയാണ്. അതിജീവനത്തിന് വഴികാണാതെ വലയുന്ന പാരമ്പര്യ തൊഴിലാളികൾക്ക് ഈറ്റ ലഭ്യമാക്കാനും വില സ്ഥിരത ഉറപ്പാക്കാനും സർക്കാർ തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.
ഇടിഞ്ഞാർ,മങ്കയം മേഖലകളിൽ മാത്രം നിരവധി ഈറ്റത്തൊഴിലാളികളാണുള്ളത്. ഇവർക്ക് ഉത്പന്നങ്ങൾ നിർമ്മിക്കാൻ ബാംബു കോർപ്പറേഷനാണ് നേരത്തെ ഈറ്റ എത്തിച്ചിരുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ ബാംബു കോർപറേഷനു തന്നെ കൈമാറണമെന്നാണ് വ്യവസ്ഥ.വർഷങ്ങളായി ഇവർക്ക് ഈറ്റ ലഭിക്കുന്നില്ല. ഇവരിൽ പലരും ഇപ്പോൾ ഉൾവനത്തിൽ നിന്നും ശേഖരിക്കുന്ന ഈറ്റ ഉപയോഗിച്ചാണ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. എന്നാൽ ഇതിലൂടെ ഒരു ദിവസം 60 രൂപയിൽ താഴെ മാത്രമാണ് വരുമാനം ലഭിക്കുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്.
ഇവരുടെ ഉത്പന്നങ്ങൾ വില്പന നടത്താൻ അധികൃതർ തയ്യാറാകാത്തതും ഒരു കാരണമാണ്. മാർക്കറ്റിൽ 200 രൂപ മുതൽ 350 രൂപവരെ വിലയുണ്ടായിരുന്ന ഈറ്റ ഉത്പന്നങ്ങൾക്ക് ഇന്ന് നൂറുരൂപയിൽ താഴെയാണ് ലഭിക്കുന്നത്. വനാതിർത്തികളിലുള്ള ഈറ്റക്കാടുകൾ വെട്ടിമാറ്റപ്പെട്ടതിനാൽ ഈറ്റ ലഭിക്കാൻ ഉൾവനങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് തൊഴിലാളികൾക്ക്.