കല്ലമ്പലം: കുളക്കുടിയിലെ അനധികൃത പാറക്വാറിയുടെ പ്രവർത്തനം നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സെക്രട്ടറിയെ തടഞ്ഞുവച്ച സംഭവത്തിൽ പ്രതിഷേധിച്ച് പള്ളിക്കൽ പഞ്ചായത്ത് ജീവനക്കാർ പണിമുടക്കി. ജീവനക്കാർ തിങ്കളാഴ്ച രാവിലെ ഓഫീസിലെത്തിയെങ്കിലും രജിസ്റ്ററിൽ ഒപ്പിടാതെ പൊതു ജനസേവനം ഉൾപ്പെടെയുള്ളവ നിറുത്തിവച്ചു.
ഖനനം മൂലം 500 മീറ്റർ അകലെ വരെ ചെറിയ പാറക്കഷണങ്ങൾ തെറിച്ച് വീടുകളിലും റോഡുകളിലും വീഴുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. തുടർന്ന് ശനിയാഴ്ച നാട്ടുകാർ പഞ്ചായത്തിലെത്തുകയും സെക്രട്ടറിയെ തടഞ്ഞുവയ്ക്കുകയുമായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സെക്രട്ടറിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനൊരുങ്ങവെ മർദ്ദിക്കാൻ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ , നാട്ടുകാരോട് സെക്രട്ടറിയാണ് ധിക്കാരപരമായി പെരുമാറിയതെന്ന് വാർഡംഗം എ.ഷിബിലി പറഞ്ഞു. ക്വാറിയുടെ പ്രവർത്തനം നിറുത്താൻ ഉടമയോടാവശ്യപ്പെട്ടതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.