dd

 എസ്റ്റിമേറ്റ്,​ ടെൻഡർ നടപടികൾ വൈകി  കരാർ ജീവനക്കാരുടെ നിസഹകരണം

തിരുവനന്തപുരം: കടമ്പാട്ടുകോണം - കഴക്കൂട്ടം ദേശീയപാത വീതികൂട്ടലിനായി ഏറ്റെടുത്ത സ്ഥലത്തെ വൈദ്യുതി ലൈനുകളും ജലവിതരണ പൈപ്പ് ലൈനുകളും നീക്കം ചെയ്യുന്നത് വൈകുന്നത് ദേശീയപാത നവീകരണത്തിന് തടസമാകുന്നു. കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക്കൽ പോസ്റ്റുകളും ലൈനുകളും ട്രാൻസ്‌ഫോർമറുകളും നീക്കം ചെയ്യുന്നത് കരാർ തൊഴിലാളികളാണ്. കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം വരെ കല്ലമ്പലം,​ആറ്റിങ്ങൽ,​അവനവഞ്ചേരി,മംഗലപുരം,​കണിയാപുരം,​കഴക്കൂട്ടം എന്നിവിടങ്ങളിലായി അരഡസനോളം കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസുകളുണ്ട്.

വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റുന്നതിനുള്ള എസ്റ്റിമേറ്റാണ് ഇവിടങ്ങളിൽ നിന്ന് ആദ്യം തയ്യാറാക്കിയത്. ട്രാൻസ്‌ഫോർമറുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ മാറ്റി സ്ഥാപിക്കേണ്ട സാങ്കേതിക കാരണങ്ങളാൽ ആദ്യത്തെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചിരുന്നില്ല. തുടർന്ന് ദേശീയപാത അതോറിട്ടിയും കരാർ കമ്പനിയും കെ.എസ്.ഇ.ബിയും സംയുക്തമായി അടുത്ത എസ്റ്റിമേറ്റ് സമർപ്പിച്ചു. എസ്റ്റിമേറ്റ് സമർപ്പിക്കുന്നതിലുണ്ടായ കാലതാമസമാണ് ലൈനുകൾ മാറ്റുന്നത് വൈകുന്നതിനുള്ള ഒരുകാരണം. ഇ -ടെൻഡറെടുക്കാൻ കരാറുകാർ തയ്യാറാകാത്ത സാഹചര്യത്തിൽ അഞ്ചുലക്ഷത്തിൽ താഴെയുള്ള വർക്കുകളായി ജോലികൾ ടെൻഡർ ചെയ്‌തതും സമയനഷ്ടത്തിനിടയാക്കി. കട്ട് ചെയ്യുന്ന കണക്ഷനുകൾ പുനഃസ്ഥാപിക്കുന്നതിന് ഗുണഭോക്താക്കളുടെ അപേക്ഷ സ്വീകരിക്കലും പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് റോഡിന്റെ അതിർത്തി നിർണയിച്ച് നൽകുന്നതിലെ താമസവും കെ.എസ്.ഇ.ബിയുടെ ജോലികൾ വൈകിപ്പിച്ചു. അതേസമയം മംഗലപുരം ഭാഗത്ത് നിലവിൽ പോസ്റ്റുകളും ലൈനുകളും മാറ്റുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്.