നാഗർകോവിൽ: സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച ആറാം ക്ലാസ് വിദ്യാർത്ഥിയെ ഗുരുതരാവസ്ഥയിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളിയിക്കാവിള മെതുകുമ്മൽ സ്വദേശി സുനിൽ - സോഫിയ ദമ്പതികളുടെ മകൻ അശ്വവിനാണ് (11) ചികിത്സയിലുള്ളത്.

അതംകോടിലുള്ള സ്വകാര്യ സ്‌കൂളിലാണ് അശ്വൻ പഠിക്കുന്നത്. കഴിഞ്ഞ 24ന് പരീക്ഷ കഴിഞ്ഞശേഷം സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങാൻ നിൽക്കുന്നതിനിടെയാണ് സംഭവം. സ്‌കൂളിലെ മറ്റൊരു വിദ്യാർത്ഥി നൽകിയ ബോട്ടിൽ ശീതളപാനീയം കുടിച്ചശേഷം വീട്ടിലേക്ക് മടങ്ങി. രാത്രി ഛർദ്ദിയും ദേഹാസ്വാസ്ഥ്യതയും അനുഭവപ്പെട്ടതോടെ ബന്ധുക്കൾ ഉടൻ കളിയിക്കാവിളയിലും തുടർന്ന് അടുത്ത ദിവസം മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. വായിലും നാവിലും വ്രണങ്ങൾ ഉണ്ടായതിനെ തുടർന്ന് നെയ്യാറ്റിൻകരയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ ആസിഡ് പോലുള്ള ദ്രാവകം ഉള്ളിൽ ചെന്നതായി കണ്ടെത്തി. തുടർന്ന് ആശുപത്രി അധികൃതർ കളിയിക്കാവിള പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

അതേ സ്‌കൂളിലെ യൂണിഫോമിട്ട കുട്ടിയാണ് ശീതള പാനീയം നൽകിയതെന്നും പേര് അറിയില്ലെന്നുമാണ് അശ്വിൻ പൊലീസിനോട് പറഞ്ഞത്. തുടർ പരിശോധനയിൽ കുട്ടിയുടെ രണ്ട് വൃക്കകളും തകരാറിലാണെന്നും നിലവിൽ ഡയാലിസ് ചെയ്യുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. കളിയിക്കാവിള പൊലീസ് കേസെടുത്ത ശേഷം സ്‌കൂൾ അധികൃതരെ ചോദ്യം ചെയ്‌തു. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അടുത്തിടെ പുതുച്ചേരിയിൽ സ്‌കൂൾ വിദ്യാർത്ഥിയെ സഹപാഠിയുടെ മാതാവ് ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ സംഭവമുണ്ടായിരുന്നു.