
വെടിയുപ്പിന്റെ പൂകമണം തുളച്ചുകീറി
കാടകത്തിന്റെ ഉള്ളം വെന്തുവിങ്ങി
കാട്ടുമക്കളുടെ വെപ്രാളപ്പാച്ചിൽ
നാട്ടകത്തിന്റെ താളം കെടുത്തി.
കാഴ്ച കണ്ട് തരിച്ചുതങ്ങിയ
മുകിൽക്കൂട്ടത്തിന്റെ ഉള്ളം വിങ്ങിനീറി
കോരിച്ചൊരിഞ്ഞ തോരാക്കണ്ണീർ
പേമാരിയായി പ്രളയമായി.
നാട്ടുപച്ചയുടെ കാല്പനികതയിൽ
കാലക്കേടിന്റെ കാലംമാറിപ്പെയ്‌ത്ത്...
തകർച്ചയുടെ നിറവും മണവും
കാല്‌പനികക്കുളിരല്ല
അപശകുനങ്ങളുടെ ഘോഷയാത്രയിൽ
മുഴങ്ങുന്നത് നീറ്റലിന്റെ തുടിതാളം
മൃത്യുവിന്റെ അപതാളപ്പെരുക്കം
ഭ്രാന്തഘോഷം സർവനാശം.
മഴയുടെ കാല്പനികക്കുളിർ
കുപ്പിവെള്ളത്തിന്റെ പിറവിക്കുംമുമ്പ്
പാണൻ പാടിക്കേട്ട പഴമ്പുരാണം.