
ചിറയിൻകീഴ്: മഹാത്മാഗാന്ധിയുടെ ജീവിതത്തിൽ അത്ഭുതകരമായ പരിവർത്തനം സൃഷ്ടിച്ചത് 1925 മാർച്ച് 12ന് ശിവഗിരിയിൽ ശ്രീനാരായണഗുരുദേവനുമായി നടത്തിയ
കൂടിക്കാഴ്ചയാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഗുരുദേവ ദർശനപഠന കേന്ദ്രം, ഗാന്ധി പീസ് ഫൗണ്ടേഷൻ, സർവ്വോദയ റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് മുരുക്കുംപുഴ കടവിൽ നടന്ന സർവ്വ മത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാതുർവർണ്യത്തെ സംബന്ധിച്ച് ഗാന്ധിജിക്കുണ്ടായിരുന്ന തെറ്റിദ്ധാരണ മാറ്റാൻ ഇതു ഉപകരിച്ചെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി മുരുക്കുംപുഴ സി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. ഗുരുദേവ ദർശന പഠനകേന്ദ്രം സെക്രട്ടറി ലാൽ സലാം, വൈസ് ചെയർമാൻ മേഴ്സി ജോസഫ്, സർവ്വോദയ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ജി.സുദർശനൻ, കെ. ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഫോട്ടോ മുരുക്കുംപുഴ കടവിൽ നടന്ന സർവ്വമത സമ്മേളനം ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വി.പി. സുഹൈബ് മൗലവി, സ്വാമി വിശ്രുതാത്മാനന്ദ, മുരുക്കുംപുഴ സി. രാജേന്ദ്രൻ എന്നിവർ സമീപം.