
ചിറയിൻകീഴ്: അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ ശാർക്കര ദേവീക്ഷേത്രത്തിൽ നിരവധി കുരുന്നുകൾ എത്തി. ക്ഷേത്രത്തിനകത്തെ സരസ്വതി മണ്ഡപത്തിൽ രാവിലെ 7ന് ക്ഷേത്ര മേൽശാന്തി തോട്ടയ്ക്കാട് കിഴക്കേമഠത്തിൽ കെ.പ്രകാശൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ എഴുത്തിനിരുത്ത് നടത്തിയതോടെയാണ് വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ശാർക്കര ദേവീക്ഷേത്രത്തിലെ സേവാ പന്തലിൽ പ്രത്യേകം ഒരുക്കിയ സരസ്വതി മണ്ഡപത്തിൽ എസ്.എൻ കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ ഡോ.ജയപ്രകാശ്,യോഗ ക്ഷേമ സഭ സെക്രട്ടറി എം.വി. സുബ്രഹ്മണ്യൻ നമ്പൂതിരി, മാധവൻ നമ്പൂതിരി, കീഴ്ശാന്തിമാരായ കണ്ണൻ പോറ്റി,രാജേഷ് പോറ്റി എന്നിവരുടെ നേതൃത്വത്തിലാണ് എഴുത്തിനിരുത്ത് നടന്നത്.രാവിലെ ആരംഭിച്ച ചടങ്ങ് പത്ത് മണിവരെ നീണ്ടു.അറുന്നൂറോളം കുരുന്നുകളാണ് ഇത്തവണ ശാർക്കര ദേവി ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കാൻ എത്തിയത്. ക്ഷേത്രത്തിൽ ഒൻപത് ദിവസമായി നീണ്ട് നിന്ന നവരാത്രി സംഗീതോത്സവത്തിനും ഇക്കഴിഞ്ഞ ദിവസം സമാപനമായി. ഇന്നലെ വൈകിട്ട് നടന്ന സംഗീതാർച്ചനയിൽ നിരവധി കുട്ടികൾ പങ്കെടുത്തു.സംഗീതമറിയാവുന്ന കുട്ടികൾക്ക് ദേവീ സന്നിധിയിൽ പാടുവാൻ ഒരവസരം എന്ന നിലയിലാണ് ശാർക്കരയിൽ സംഗീതാർച്ചന നടത്തി വരുന്നത്.