photo

കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് നഗരങ്ങൾ മാത്രമല്ല ജനങ്ങളും അതിവേഗമാണ് മാറിക്കൊണ്ടിരിക്കുന്നത്. മാറ്റങ്ങൾ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യുമ്പോഴാണ് സമൂഹവും മനുഷ്യരും വളരുന്നത്. പത്തുവർഷം മുൻപ് കേരളം കണ്ടിരുന്ന നഗരങ്ങളും ഗ്രാമങ്ങളുമല്ല ഇന്നു കാണുന്നത്. പുതിയ കാലത്തിന്റെ മാറ്റങ്ങൾ എവിടെയും പ്രകടമാണ്. അതേസമയം എല്ലാ തലമുറകൾക്കും ജീവിതം കൂടുതൽ ആസ്വാദകരമാക്കാൻ ഉതകുംവിധം നമ്മുടെ നഗരങ്ങൾ ഇനിയും വളരേണ്ടതും അനിവാര്യമാണ്. ഐ.ടി സ്ഥാപനങ്ങളുടേയും വൻകിട മാളുകളുടേയും വരവോടെ സംസ്ഥാനത്ത് പുതിയൊരു ജീവിത സംസ്കാരം രൂപപ്പെട്ടിട്ടുണ്ട്. പകലിരവ് വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന തൊഴിലിടങ്ങൾ കൂടിയായപ്പോൾ രാത്രികാല ജീവിതം സജീവവും കൂടുതൽ വൈവിദ്ധ്യപൂർണവുമായിട്ടുണ്ട്. സംസ്ഥാനം സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കാനും 'നൈറ്റ് ലൈഫ് ' സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് ആവശ്യമാണ്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്തിനാണ് നൈറ്റ് ലൈഫ് പദ്ധതിക്കു കീഴിൽ വിപുല സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള ആദ്യ നറുക്കു വീണിരിക്കുന്നത്.

കഴക്കൂട്ടം മുതൽ ആരംഭിക്കുന്ന ദേശീയ ബൈപാസിലാണ് പാതവക്കിൽ പുതുതായി നൈറ്റ് ലൈഫ് സൗകര്യങ്ങൾ ഒരുക്കുക. രാത്രികാലത്തും തുറന്നു പ്രവർത്തിക്കുന്ന കടകളും ഭക്ഷണശാലകളും ഇതിന്റെ ഭാഗമാകും. രാവേറെ ചെന്നാലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇത്തരം കേന്ദ്രങ്ങളുടെ സവിശേഷതകളാണ്. കടകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്താൽ സാധിക്കാവുന്ന കാര്യമാണിത്. ഇപ്പോൾത്തന്നെ ഈ മേഖലയിലെ ചെറിയ ഭക്ഷണശാലകൾ രാത്രി വൈകിയും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ നിയമപാലകരെ പേടിക്കുകയും വേണം. കള്ളന്മാർക്ക് താവളമാകുന്നു എന്നുപറഞ്ഞ് നഗരത്തിലെ തട്ടുകടകൾ പോലും പത്തുമണിയാകുന്നതോടെ അടപ്പിക്കാൻ പൊലീസ് മുതിരാറുണ്ട്. ബൈപാസിലെ നൈറ്റ് ലൈഫ് പദ്ധതി പ്രാവർത്തികമായിക്കഴിഞ്ഞാൽ രണ്ടാമതായി ശംഖുംമുഖം, മാനവീയം വീഥി എന്നിവിടങ്ങളിലാകും പുതിയ പരീക്ഷണം. സംസ്ഥാനത്തെ ഏറ്റവും മനോഹരവും പതിനായിരക്കണക്കിനാളുകളുടെ ഇഷ്ട വിനോദകേന്ദ്രവുമായിരുന്ന ശംഖുംമുഖത്തിന്റെ നിലവിലെ അവസ്ഥ ആരിലും നിരാശ ജനിപ്പിക്കുന്നതാണ്. നാലുവർഷമായി കടൽത്തീരം അമ്പേ തകർന്നുകിടന്നിട്ടും നേരെയാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ' നൈറ്റ് ലൈഫ് ' പദ്ധതിക്കു വേണ്ടിയെങ്കിലും കാര്യങ്ങൾ നേരെയായാൽ മതിയായിരുന്നു. പട്ടം മുതൽ കവടിയാർ വരെ നീളുന്ന ഭക്ഷണശാലകളാകും മറ്റൊരു ആകർഷണം. രാജ്യത്തെ പല നഗരങ്ങളിലും ഇതുപോലുള്ള ഭക്ഷ്യവീഥികൾ ഉണ്ടാകും. മുൻപേ ഇവിടെയും വരേണ്ടിയിരുന്ന ഏർപ്പാടാണിത്. നാടിന്റെ തനതുരുചികൾ ഉൾപ്പെടെ എല്ലാവിധ ഭക്ഷ്യവിഭവങ്ങളും ആസ്വദിക്കാൻ പറ്റിയ പ്രത്യേക ഇടങ്ങൾ ഏതൊരു നഗരത്തിന്റെയും പെരുമ പുറംലോകം വരെ എത്തിക്കും. നമ്മുടെ യാഥാസ്ഥിതിക മനോഭാവമാണ് ഇത്തരത്തിലുള്ള മാറ്റങ്ങൾക്ക് തടസം സൃഷ്ടിച്ചിരുന്നത്. രാത്രികാല ജീവിതത്തോടൊപ്പം സാമൂഹ്യവിരുദ്ധരും കള്ളന്മാരുമൊക്കെ ഏറെ സജീവമാകുമെന്ന് ആക്ഷേപിക്കുന്നവരുണ്ടാകും. എന്നാൽ അത്തരം പ്രവൃത്തികൾ തടയാൻ നിയമപാലകർ ധാരാളം മതിയാകും. കാമറകൾ സ്ഥാപിച്ചും കൂടുതൽ സേനാംഗങ്ങളെ പട്രോൾ ഡ്യൂട്ടിക്കു നിയോഗിച്ചും ആശങ്കകൾ അകറ്റാവുന്നതേയുള്ളൂ. കലാപരിപാടികൾ നടത്താനുള്ള വേദികൾ, ദീപാലങ്കാരം, പൊതുഗതാഗത സൗകര്യങ്ങൾ ഇവയെല്ലാം ചേർന്നാലേ രാത്രിജീവിതം പൂർണതയിലെത്തുകയുള്ളൂ. അതിനുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. തലസ്ഥാനത്തു തുടക്കമിടുന്ന 'നൈറ്റ് ലൈഫ് ' പരിഷ്കാരം ക്രമേണ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ കഴിയും.