
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക നിലയങ്ങളിലും വിജയദശമി ദിനത്തോടനുബന്ധിച്ച് കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,രാമേശ്വരം മഹാദേവർ ക്ഷേത്രം എന്നിവിടങ്ങിൽ നൂറുകണക്കിന് കുരുന്നുകൾ നാവിൽ ആദ്യക്ഷരം കുറിച്ചു.
ഡോ.ജി.ആർ.പബ്ലിക് സ്ക്കൂളിൽ മാനേജിംഗ് ട്രസ്റ്റി സിസ്റ്റർ മൈഥിലിയുടെ നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പൽ ദിവ്യ. എസ് കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു. ട്രസ്റ്റ് സെക്രട്ടറി അഡ്വ. ആർ.എസ്.ഹരികുമാർ,അദ്ധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.നെയ്യാറ്റിൻകര മഹാഗണപതി ക്ഷേത്രത്തിൽ തന്ത്രി രാമമൂർത്തി ലക്ഷ്മി നാരായണൻ പോറ്റി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ച് വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ക്ഷേത്ര മേൽശാന്തി കൃഷ്ണമൂർത്തി പോറ്റി, കരയോഗം പ്രസിഡന്റ് അഡ്വ. കൃഷ്ണദാസ്, സെക്രട്ടറി ജി ഗോപീകൃഷ്ണൻ നായർ, ഭാരവാഹികളായ ഡി . അനിൽകുമാർ, എം. സുകുമാരൻ നായർ, വി. മോഹനകുമാർ എന്നിവർ നേതൃത്വം നൽകി.
തത്തിയൂർ ഭദ്രകാളി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകൾക്ക് റിട്ട. അദ്ധ്യാപകൻ കൊല്ലയിൽ കൃഷ്ണൻനായർ നേതൃത്വം നൽകി. തൊഴുക്കൽ ഭദ്രകാളി ദേവീക്ഷേത്രത്തിൽ വിദ്യാരംഭച്ചടങ്ങുകളോടനുബന്ധിച്ച് നടന്ന വിദ്യാരാജഗോപാല ഹോമത്തിലും പൂജയിലും നിരവധി കുട്ടികൾ പങ്കെടുത്തു.