muraleedharan

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷനാകാൻ പറ്റിയ ആൾ മല്ലികാർജ്ജുൻ ഖാർഗെയാണെന്ന് കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷൻ കെ. മുരളീധരൻ എം.പി. തന്റെ സ്നേഹം ശശി തരൂരിനും വോട്ട് ഖാർഗെയ്ക്കുമായിരിക്കും.

താഴെത്തട്ടിൽ നിന്ന് കഠിനപ്രയത്നത്തിലൂടെ ഉയർന്നുവന്ന ഖാർഗെയ്ക്കാണ് ആ പദവിക്ക് യോഗ്യത. തരൂരിന് സാധാരണക്കാരുമായുള്ള ബന്ധം അല്പം കുറവാണ്. അദ്ദേഹം വളർന്നുവന്ന സാഹചര്യം വ്യത്യസ്തമായതിനാലാണത്. കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ പരിഹാരനിർദ്ദേശങ്ങൾ നൽകിയതും രാജസ്ഥാനിലെ പ്രശ്നങ്ങൾ പരിഹരിച്ചതും ഖാർഗെയാണ്. ഖാർഗെ മറ്റ് പാർട്ടികളെ യോജിപ്പിച്ച് ബി.ജെ.പിക്കെതിരെ പോരാടുന്ന നേതാവാണ്. തരൂർ ക്ഷണിച്ചാൽ നിലപാടുകൾ നേരിട്ട് പറയും. നോമിനേഷനുകളിലെ പരാതികൾക്ക് പരിഹാരം തിരഞ്ഞെടുപ്പാണ്. കേരളത്തിൽ ബൂത്തുതലം മുതൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തും. വിമർശകരും പാർട്ടിയിൽ ജനാധിപത്യം വന്നുവെന്ന അഭിപ്രായക്കാരാണെന്നും മുരളീധരൻ പറഞ്ഞു.