
തിരുവനന്തപുരം: സർക്കാരിന് നിർണായകമായ ലോകായുക്ത നിയമ ഭേദഗതി അടക്കം നാലു വിവാദ ബില്ലുകൾ മാറ്റിവയ്ക്കാൻ രാജ്ഭവൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്നലെ ബില്ലുകൾ സൂക്ഷ്മപരിശോധനയ്ക്കെത്തിച്ചപ്പോഴാണ് ഗവർണർ ഈ നിർദ്ദേശം നൽകിയത്.
നിയമസഭ പാസാക്കിയ 11 ബില്ലുകളിൽ ഏഴെണ്ണം ഒപ്പിട്ടിട്ടുണ്ട്. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് റദ്ദാക്കൽ, മലപ്പുറം ജില്ലാ ബാങ്കിനെ കേരളാ ബാങ്കിൽ ലയിപ്പിക്കൽ, ലോകായുക്ത, വൈസ്ചാൻസലർ നിയമന ഭേദഗതി ബില്ലുകളാണ് മാറ്റിവച്ചത്. ഇതിൽ ആദ്യ രണ്ടെണ്ണം മന്ത്രിമാരോ വകുപ്പ് സെക്രട്ടറിമാരോ എത്തി വിശദീകരണം നൽകിയാൽ ഒപ്പിടാനിടയുണ്ട്. ലോകായുക്ത, സർവകലാശാലാ ഭേദഗതി ബില്ലുകളിൽ തീരുമാനമെടുത്തേക്കില്ല.
ഇന്നലെ രാത്രി 9ന് ഹൈദരാബാദിലേക്ക് പോയ ഗവർണർ ഡൽഹി, ഡെറാഡൂൺ എന്നിവിടങ്ങളിലെ പരിപാടികൾക്ക് ശേഷം 11ന് തിരിച്ചെത്തും. അതിനു ശേഷം ,ബില്ലുകളിൽ ഒപ്പിടണമെന്നഭ്യർത്ഥിച്ച് ചീഫ്സെക്രട്ടറിയോ മന്ത്രിമാരോ രാജ്ഭവനിലെത്തിയേക്കും. ലോകായുക്ത ഭേദഗതി ബില്ലിൽ ഒപ്പിടാത്തതാണ് സർക്കാരിന് തലവേദന. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ ദുരിതാശ്വാസ നിധി ദുരുപയോഗ കേസിൽ ലോകായുക്ത ഉത്തരവിറക്കുന്നത് മാറ്റിവച്ചിരിക്കുകയാണ്. വിചാരണ പൂർത്തിയായിട്ട് ആറു മാസമായി. നിയമഭേദഗതി ബില്ലിന് ഗവർണർ അംഗീകാരം നൽകും മുൻപ് ഉത്തരവ് വരുകയും അത് പ്രതികൂലമാകുകയും ചെയ്താൽ സർക്കാർ പ്രതിസന്ധിയിലാവും. പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ ഔദ്യോഗിക സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു ലോകായുക്തയ്ക്കു വിധിക്കാം. ബന്ധു നിയമനക്കേസിൽ കെ.ടി.ജലീലിനു മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വന്നത് ഇങ്ങനെയാണ്. ഓർഡിനൻസ് അസാധുവായതോടെ, ഭേദഗതിക്കു മുൻപുള്ള നിയമം പുനഃസ്ഥാപിക്കപ്പെട്ടു.വൈസ്ചാൻസലർ നിയമന ഭേദഗതി നിയമമായാൽ, സർക്കാരിന്റെ ശുപാർശ അംഗീകരിക്കാൻ താൻ ബാദ്ധ്യസ്ഥനാവുമെന്നും ,വി.സി നിയമനത്തിന്റെ സ്വതന്ത്ര സ്വഭാവം ഇല്ലാതാവുമെന്നുമാണ് ഗവർണറുടെ നിലപാട്. ബില്ലുകൾ തിരിച്ചയയ്ക്കാതെ പിടിച്ചു വയ്ക്കാനും, രാഷ്ട്രപതിയുടെ അനുമതിക്ക് അയയ്ക്കാനും ഗവർണർക്ക് അധികാരമുണ്ട്.
'ബില്ലുകൾ ഭരണഘടനാപരമായും നിയമപരമായും നിലനിൽക്കുന്നതാണോയെന്ന് പരിശോധിക്കണം. '
-ആരിഫ് മുഹമ്മദ് ഖാൻ
ഗവർണർ