തിരുവനന്തപുരം: വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിന്റെ മൂന്നാം റീച്ചിലേക്കുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11 (1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. മണ്ണറക്കോണം - മുക്കോല വഴയില റോഡാണ് മൂന്നാം റീച്ചിൽ ഉൾപ്പെടുന്നത്. പേരൂർക്കട വില്ലേജിൽ നിന്നുള്ള 97.11ആർ ഭൂമിയാണ് വിജ്ഞാപനത്തിലുള്ളത്.
വിജ്ഞാപനം സംബന്ധിച്ച് ആക്ഷേപമുള്ളവർ 15 ദിവസത്തിനുള്ളിൽ തിരുവനന്തപുരം കിഫ്ബി യൂണിറ്റ് ഒന്നിലെ എൽ.എ സ്‌പെഷ്യൽ തഹസിൽദാരെ രേഖാമൂലം അറിയിക്കണം. സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് www.trivandrum.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഒന്നാം റീച്ചിന്റെ 19(1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. രണ്ടാം റീച്ചിന്റെ സർവേ നടപടികളും പുരോഗമിക്കുന്നുണ്ട്. പുനരധിവാസത്തിനുള്ള ഭൂമിയേറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള പുനരധിവാസ പുനസ്ഥാപന പാക്കേജ് സംബന്ധിച്ച പബ്ലിക്ക് ഹിയറിംഗ് 25ന് രാവിലെ 10ന് വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനനൻ സ്‌മാരക ഗ്രന്ഥശാലയിൽ നടക്കും.
പുനരധിവാസ പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കുന്നതിലേക്ക് ട്രിഡ താത്പര്യപത്രം ക്ഷണിച്ചതിൽ ആറ് സ്ഥാപനങ്ങളാണ് പങ്കെടുത്തത്. ഇവർ സമർപ്പിച്ച രേഖകളുടെ പ്രാഥമിക പരിശോധന പൂർത്തിയായി. ഈ മാസം അവസാനം അന്തിമ പരിശോധന നടത്തി ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള ഏജൻസിയെ തിരഞ്ഞെടുക്കും.
10.75 കിലോ മീറ്റർ,
മൂന്ന് റീച്ചുകൾ
---------------------------------------------------
ശാസ്‌തമംഗലം മുതൽ മണ്ണറക്കോണം വരെയാണ് ഒന്നാം റീച്ച്. മണ്ണറക്കോണം - പേരൂർക്കടയാണ് രണ്ടാം റീച്ച്. കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. വട്ടിയൂർക്കാവ് ജംഗ്ഷന്റെയും അനുബന്ധ വികസനം പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിയും രണ്ട് റോഡുകളുടെ നിർമ്മാണത്തിന് ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം തദ്ദേശസ്വയംഭരണ വകുപ്പിന്റെ പദ്ധതിയുമാണ്.
കേരള റോഡ്ഫണ്ട് ബോർഡും ട്രിഡയുമാണ് എസ്.പി.വികൾ. ശാസ്‌തമംഗലം വട്ടിയൂർക്കാവ് - പേരൂർക്കട റോഡ് 3 റീച്ചുകളിലായി 10.75 കിലോമീറ്റർ ദൂരം 185 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനും റോഡ് വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനും ചേർത്തുള്ള സമഗ്ര പദ്ധതിയാണിത്. ജംഗ്ഷൻ വികസനത്തിനുള്ള വസ്‌തു ഏറ്റെടുക്കുന്നതിനായി 95 കോടി രൂപയും റോഡ് നിർമ്മാണത്തിന് 29.75 കോടി രൂപയും കെ.ആർ.എഫ്.ബി അനുവദിച്ചിട്ടുണ്ട്. പുനരധിവാസത്തിനുള്ള സ്ഥലമേറ്റെടുക്കുന്നതിനായി ട്രിഡയ്‌ക്ക് 27.04 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
പദ്ധതിച്ചെലവ് - 341.79 കോടി
സ്ഥലം ഏറ്റെടുക്കുന്നതിന് - 95 കോടി