
നാഗർകോവിൽ: നവരാത്രി ഉത്സവത്തിന്റെ ഭാഗമായി കന്യാകുമാരി ഭഗവതി ക്ഷേത്രത്തിലെ വേട്ടയ്‌ക്കെഴുന്നള്ളത്തും സൂരസംഹാരവും ഇന്നലെ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. രാവിലെ പ്രത്യേക പൂജകൾക്കുശേഷം 8.30ഓടെ എഴുന്നള്ളിപ്പ് തുടങ്ങി. ഉച്ചയോടെ ദേവി വെള്ളിക്കുതിരയിൽ വേട്ടയ്‌ക്കായി പുറപ്പെട്ടു.
ക്ഷേത്രത്തിന് പുറത്തിറങ്ങിയ ദേവിക്ക് തമിഴ്നാട് പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകി. ചടങ്ങിൽ തമിഴ്നാട് മന്ത്രി മനോതങ്കരാജ്, നാഗർകോവിൽ മേയർ രമേശ് എന്നിവർ പങ്കെടുത്തു. തുടർന്ന് ദേവി മഹാദാനപുരത്തേക്ക് എഴുന്നള്ളി. വൈകിട്ടോടെ സൂരസംഹാര ചടങ്ങുകൾക്ക് തുടക്കമായി. രാത്രിയോടെ ത്രിവേണി സംഗമത്തിൽ ആറാട്ട് നടന്നു.