പാലോട്: ലോഡ് കയറ്റിയിറക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ സി.ഐ.ടി.യുവിന്റെയും ബി.എം.എസിന്റെയും തൊഴിലാളികൾ ഏറ്റുമുട്ടി. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 12ഓടെയാണ് സംഭവം. പേരയം ജംഗ്ഷനിലെ ശബരി സ്റ്റോഴ്സിലേക്കുള്ള കാലിത്തീറ്റ ഇറക്കുന്നതിനിടെയാണ് സംഘർഷം. സി.സി .ടിവി ദൃശ്യം പരിശോധിച്ച പൊലീസ് അക്രമം നടത്തിയ ഇരുവിഭാഗത്തിലുമുള്ളവർക്കെതിരെ കേസെടുത്തു.
പേരയത്ത് കയറ്റിയിറക്ക് നടത്തുന്നതിനായി അംഗീകാരം കിട്ടിയ തൊഴിലാളി സംഘടനകൾ തമ്മിൽ ധാരണയുണ്ടാക്കിയിരുന്നെന്നും ബി.എം.എസ് തൊഴിലാളികൾ ആ ധാരണ തെറ്റിച്ച് കാർഡില്ലാത്തവരെ വച്ച് ലോഡ് ഇറക്കിയതിനെ ചോദ്യം ചെയ്‌തപ്പോൾ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്നുമാണ് സി.ഐ.ടി.യു പറയുന്നത്. കാർഡുള്ള തൊഴിലാളികൾ മാത്രമേ ലോഡ് ഇറക്കിയിട്ടുള്ളു, മുൻ വൈരാഗ്യം വച്ച് സി.ഐ.ടി.യു തൊഴിലാളികൾ ആക്രമിക്കുകയായിരുന്നുവെന്നും തീറ്റ തലയിൽ ചുമന്നുകൊണ്ട് പോകുകയായിരുന്നു ഷിജു എന്ന തൊഴിലാളിയെ പിറകിൽ നിന്ന് ചവിട്ടി തള്ളിയിട്ടെന്നും ബി.എം.എസ് ആരോപിക്കുന്നു.
ടേൺ വ്യവസ്ഥ പുതുക്കണമെന്ന് കുറെ നാളായി ആവശ്യപ്പെടുകയായിരുന്നുവെന്നും ബി.എം.എസ് പറയുന്നു. ബി.എം.എസ് തൊഴിലാളികൾ മർദ്ദിച്ചതിനെ തുടർന്ന് സി.ഐ.ടി.യു പ്രവർത്തകൻ ചന്ദ്രൻ പാലോട് ആശുപത്രിയിൽ ചികിത്സ തേടി.