തിരുവനന്തപുരം: 27 വർഷത്തിനുശേഷം തലസ്ഥാനത്ത് നടന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക മികവിന് പിന്നിൽ മന്ത്രി ജി.ആർ. അനിൽ ചെയർമാനായ സംഘാടക സമിതിയുടെ കഠിനാദ്ധ്വാനമാണ്. രണ്ടുമാസം മുമ്പ് രൂപീകരിച്ച സംഘാടക സമിതി നടപ്പാക്കിയ വിശ്രമ രഹിതമായ പ്രവർത്തനവും ജില്ലയിലെ ബഹുജനസംഘടനകളുടെ കൂട്ടായ പരിശ്രമവുമാണ് ഈ വിജയത്തിന് പിന്നിൽ.
തലസ്ഥാനത്തെ പാർട്ടിയുടെ വർദ്ധിതശേഷി പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്നതിന് സഹായകമാകുമെന്ന തിരിച്ചറിവിലാണ് സമ്മേളനത്തിന്റെ ആതിഥേയത്വം തങ്ങൾ ഏറ്റെടുക്കാമെന്ന സന്നദ്ധത സംസ്ഥാന നേതൃത്വത്തെ ജില്ലാ ഘടകം അറിയിച്ചത്. സംസ്ഥാന നേതൃത്വം അനുമതി നൽകിയതിനെ തുടർന്നാണ് ജി.ആർ. അനിൽ ചെയർമാനായും മാങ്കോട് രാധാകൃഷ്ണൻ കൺവീനറായുമുള്ള സംഘാടകസമിതി രൂപീകരിച്ചത്. ടാഗോർ തിയേറ്ററിൽ മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ പങ്കെടുക്കുന്ന 563 പ്രതിനിധികൾക്ക് ജൈവവിഭവങ്ങൾ ഉൾപ്പെടുത്തി ഭക്ഷണമൊരുക്കാൻ മാസങ്ങൾ നീണ്ട ശ്രമമാണ് കിസാൻസഭയുടെയും ജില്ലയിലെ 17 മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ നടത്തിയത്.
ജൈവ ഭക്ഷണം തയ്യാറാക്കാൻ അരിയും പച്ചക്കറിയും കൃഷിചെയ്‌തു ഉത്പാദിപ്പിച്ചു. കിളിമാനൂരിലെ ഏഴ് ഏക്കറിൽ വിളയിച്ചെടുത്ത നെല്ലും പാറശാല, വെഞ്ഞാറമൂട്, അരുവിക്കര, പാലോട്, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ നിന്ന് എല്ലാ പച്ചക്കറി വിഭവങ്ങളും പാർട്ടിപ്രവർത്തകരുടെ നേതൃത്വത്തിൽ വിളയിച്ചെടുത്തു. കരിമീനും ചെമ്മീനും ചിറയിൻകീഴിലെ കായൽക്കെട്ടിലാണ് വളർത്തിയെടുത്തത്.
സമ്മേളനത്തിന്റെ പ്രചാരണം ഗംഭീരമായി നടത്താൻ മനോജ് ബി. ഇടമനയുടെ നേതൃത്വത്തിലും സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാൻ വി.പി. ഉണ്ണിക്കൃഷ്ണന്റെയും അരുൺ. കെ.എസിന്റെയും നേതൃത്വത്തിലും നടന്ന പരിശ്രമങ്ങളും ഫലം കണ്ടു. ഫെഡറലിസവും കേന്ദ്ര - സംസ്ഥാന ബന്ധങ്ങളും എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പങ്കെടുത്തു. വിവിധ സെമിനാറുകളിലായി മന്ത്രിമാരായ എം.ബി. രാജേഷ്, വി.ശിവൻകുട്ടി,കെ.എൻ.ബാലഗോപാൽ,വീണാജോർജ് എന്നിവരും സുനിൽ പി.ഇളയിടം, ജോൺ ബ്രിട്ടാസ് എം.പി, തോമസ് ഐസക്ക്, ശ്രീകുമാരൻ തമ്പി, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ.ജെ. പ്രഭാഷ്, പിരപ്പൻകോട് മുരളി എന്നിവരും പങ്കെടുത്തു. പൊതുസമ്മേളനവും പ്രതിനിധി സമ്മേളനവും ശ്രദ്ധേയമായി. ജില്ലയിലെ പാർട്ടിപ്രവർത്തകരുടെ യോജിച്ച പ്രവർത്തനമാണ് സമ്മേളനത്തിന്റെ വിജയത്തിന് സഹായകമായതെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.