തിരുവനന്തപുരം: തോക്കുമായി നഗരത്തെ വിറപ്പിച്ച സംഭവത്തിൽ യു.പിയിലെ തിരുട്ട് ഗ്രാമത്തിൽ നിന്ന് പൊലീസ് പിടിയിലായ യു.പി സ്വദേശി മുഹമ്മദ് ഷെമീം അൻസാരിയെ (28)​ കസ്റ്റഡിയിൽ വാങ്ങാൻ മ്യൂസിയം പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ഇടപ്പഴഞ്ഞിയിൽ മലയിൻകീഴ് സ്‌കൂളിലെ അദ്ധ്യാപികയായ സിന്ധുവിന്റെ വീട്ടിലെ കവർച്ചാശ്രമത്തിലാണ് ഇയാളെ കോടതി റിമാൻഡ് ചെയ്‌തത്.

ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെയും പിടികൂടാനായിട്ടില്ല. പിടിയിലായ മുഹമ്മദ് അൻസാരിക്കെതിരെ ഡൽഹിയിൽ കവർച്ചയ്‌ക്കും തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിനുമുൾപ്പെടെ കേസുകളുണ്ട്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകും. ഇക്കഴിഞ്ഞ ആഗസ്റ്റ് 22ന് പകലാണ് നഗരത്തെ ഞെട്ടിച്ച കവർച്ചയും കവ‌ർച്ചാശ്രമവുമുണ്ടായത്. മ്യൂസിയം പൊലീസിന്റെ അന്വേഷണം അവസാനിക്കുന്ന മുറയ്‌ക്ക് വഞ്ചിയൂ‌ർ പൊലീസും ഫോർട്ട് പൊലീസും പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയെ സമീപിക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.