1

വിഴിഞ്ഞം: കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ നടപ്പാതയിലെ കൈവരി തകർന്ന് 3 സ്ത്രീകൾക്ക് പരിക്ക്. 4 ന് നടന്ന അപകടത്തിൽ വയനാട് പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ(42), അംഗങ്ങളായ ഐഷ(58),ഹസീന(42) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പഠനയാത്രയുടെ ഭാഗമായി എത്തിയ 14 അംഗസംഘത്തിലെ വനിതകൾ ഇരുമ്പു പൈപ്പുകൾ കൊണ്ടുള്ള കൈവരിയിൽ ചാരി നിൽക്കുമ്പോൾ പൈപ്പുകളൊന്നൊന്നായി മുറിഞ്ഞു വീഴുകയായിരുന്നു. രണ്ടാൾ താഴ്ചയിലേക്ക് വീണ ഇവരെ തൊട്ടടുത്തുണ്ടായിരുന്ന ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി.

വെൽഡിംഗ് പൊട്ടിയതാണ് പൈപ്പു തകരാൻ കാരണം. കൈവരി തകർന്നു സഞ്ചാരികൾക്കു പരിക്കേറ്റ സംഭവത്തിൽ അടിയന്തര അറ്റകുറ്റപ്പണിക്കു നിർദേശം നൽകിയിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ബീച്ചിലെ ശേഷിക്കുന്ന അറ്റകുറ്റപ്പണികൾ ടൂറിസം സീസണിനു മുൻപ് പൂർത്തിയാക്കാനും അറിയിച്ചു.