
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം സർക്കാരിന്റെ മാത്രമല്ല, സമൂഹത്തിന്റെ കൂട്ടായ, ഇളംതലമുറയെയും വരും തലമുറകളെയും രക്ഷിക്കാനുള്ള ജീവൻ മരണപോരാട്ടമാണെന്നും അത്രമേൽ പ്രാധാന്യമുള്ള കാമ്പെയ്നിൽ, നാടിന്റെ രക്ഷയ്ക്കായി അണിനിരക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർക്കാർ സർക്കാർ നടപ്പാക്കുന്ന നോ ടു ഡ്രഗ്സ് ക്യാമ്പെയിൻ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്നിന്റെ ഭൂതങ്ങൾ നമ്മുടെ കുഞ്ഞുങ്ങളെ പിടിക്കാൻ കാത്തുനിൽക്കുന്നുണ്ട്. കുഞ്ഞുങ്ങൾ അവരിൽ നിന്ന് ഒഴിഞ്ഞു നടക്കണം. കുഞ്ഞുങ്ങളിലേക്ക് അവർ എത്തുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തുകയും വേണം.
വിനാശം വിതയ്ക്കുന്ന ലഹരിയുടെ മഹാവിപത്തിന് ഒരാളെയും വിട്ടുകൊടുക്കാനാവില്ല. അതിൽ പെട്ടുപോയവരെ എന്തുവിലകൊടുത്തും മോചിപ്പിച്ചെടുക്കേണ്ടതുണ്ട്. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ലഹരിക്കെതിരെ പ്രചാരണ പരിപാടി സർക്കാർ തുടങ്ങിയിട്ടുള്ളത്.
മയക്കുമരുന്നിന്റെ ഘോരവിപത്തുകൾ വ്യക്തിയെയും കുടുംബത്തെയും സാമൂഹ്യ ബന്ധങ്ങളെയും നാടിനെയും തകർക്കുന്നു.
മനുഷ്യനെ മൃഗങ്ങളിൽ നിന്നു വ്യത്യസ്തനാക്കുന്ന വിവേചന ബോധത്തെ മയക്കുമരുന്ന് ഇല്ലാതാക്കുന്നു. ബോധാവസ്ഥയിൽ ഒരാളും ചെയ്യാത്ത അധമകൃത്യങ്ങൾ മയക്കുമരുന്നിന്റെ മനോവിഭ്രാന്തിയിൽ ചെയ്യുന്നു.
മയക്കുമരുന്നിന് അടിപ്പെട്ടവർക്ക് മോചനം എളുപ്പമല്ല. ചികിത്സയിലൂടെപോലും തിരിച്ചുകൊണ്ടുവരാനാവാത്ത സമ്പൂർണ നാശത്തിലേക്കാണത് വ്യക്തികളെ നയിക്കുന്നത്. അത്തരം വ്യക്തികൾ സ്വയം നശിക്കുന്നു. കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്നു.
കുഞ്ഞുങ്ങളെയും യുവാക്കളെയും മയക്കുമരുന്നിനു വിട്ടുകൊടുക്കാതിരിക്കുക എന്നതാണ് പ്രചാരണ പരിപാടിയുടെ മുഖ്യലക്ഷ്യം. അതിന്റെ ദുഃസ്വാധീനത്തിൽ പെട്ടുപോയവരെ വിടുവിച്ചെടുക്കണം. രാജ്യത്തു മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും മയക്കുമരുന്നുമാഫിയ കുട്ടികളെയാണ് ലക്ഷ്യമാക്കുന്നത്. കുഞ്ഞുങ്ങളെ ഈ സ്വാധീനവലയത്തിൽ പെടാതെ നോക്കാൻ നമുക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചു. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
ലഹരിക്കേസുകളിൽ മുൻകാല കുറ്റകൃത്യങ്ങളും ഉൾപ്പെടുത്തും
തിരുവനന്തപുരം: സിന്തറ്റിക് രാസലഹരി വസ്തുക്കൾ തടയുന്നതു മുൻനിറുത്തി അന്വേഷണ രീതിയിലും കേസുകൾ ചാർജ്ജ് ചെയ്യുന്ന രീതിയിലും മാറ്റങ്ങൾ വരുത്തുമെന്ന് മുഖ്യമന്ത്രി. എൻ.ഡി.പി.എസ് നിയമത്തിലെ 31, 31എ വിഭാഗത്തിലുള്ളവർക്ക് ഉയർന്ന ശിക്ഷ ഉറപ്പുവരുത്താൻ മുൻകാല കുറ്റകൃത്യങ്ങൾകൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുകയും കാപ്പ രജിസ്റ്റർ മാതൃകയിൽ ഡാറ്റാബാങ്ക് തയ്യാറാക്കുകയും ആവർത്തിക്കുന്നവർക്കെതിരെ കരുതൽ തടങ്കൽ നടപടികൾ സ്വീകരിക്കുകയും ചെയ്യും. കുറ്റകൃത്യം ആവർത്തിക്കില്ലെന്ന് ബോണ്ട് വയ്പ്പിക്കും. മയക്കുമരുന്ന് കടത്തിൽ പതിവായി ഉൾപ്പെടുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കും.
വിദ്യാലയങ്ങളോടു ചേർന്നുള്ള കടകളിലെ മയക്കുമരുന്നു വിപണി പിടിക്കപ്പെട്ടതോടെ, കുട്ടികളെത്തന്നെ കാരിയറാക്കുന്ന നിലയുണ്ട്. അദ്ധ്യാപക രക്ഷാകർതൃ സംഘടനകൾ, തദ്ദേശഭരണ സമിതികൾ, വിദ്യാർത്ഥി സംഘടനകൾ തുടങ്ങിയവയുടെ നിരീക്ഷണം ഈ രംഗങ്ങളിൽ ഉണ്ടാവണം.
അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകൾ സംസ്ഥാനത്തു കാലുകുത്താതിരിക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവും.
രക്ഷാകർത്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
# കുഞ്ഞുങ്ങളിൽ അസാധാരണ പെരുമാറ്റമുണ്ടാകുന്നുണ്ടോ
# തുടരെ പണം ചോദിക്കുന്നണ്ടോ
#അനാവശ്യമായി കയർത്തു സംസാരിക്കുന്നണ്ടോ
#പരിഭ്രാന്തമായി പ്രതികരിക്കുന്നണ്ടോ
#അസാധാരണമായ, മുതിർന്നവരുമായുള്ള ചങ്ങാത്തങ്ങളുണ്ടോ
#സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടയിൽ എവിടെയെങ്കിലും തങ്ങുന്നുണ്ടോ
#അപരിചിതരുമായി ബന്ധം വയ്ക്കുന്നണ്ടോ
#ആരെങ്കിലുമായി എന്തെങ്കിലും കൈമാറുന്നുണ്ടോ
ലഹരിമുക്ത കേരളം പദ്ധതിയിൽ കേരള സർവകലാശാലയും
തിരുവനന്തപുരം:സർക്കാരിന്റെ 'ലഹരി മുക്ത കേരളം'കാമ്പെയിനിൽ കേരള സർവകലാശാലയും പങ്കാളികളാവും.കാമ്പെയിനിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം കാര്യവട്ടം കാമ്പസിലെ സി.വി.രാമൻ ഹാളിൽ പ്രദർശിപ്പിച്ചു.വൈസ് ചാൻസിലർ വി.പി. മഹാദേവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.കാമ്പസ് ഡയറക്ടർ കെ.എസ്.ചന്ദ്രശേഖർ,സിൻഡിക്കേറ്റ് അംഗം കെ. ജി.ഗോപ് ചന്ദ്രൻ,സെനറ്റ് അംഗം എ.ഹെലൻ,വിദ്യാർഥി യൂണിയൻ ജനറൽ സെക്രട്ടറി അഞ്ചിത ജെ.എം., മാഗസിൻ എഡിറ്റർ ദീപു ബാലൻ,എ.ബിജികുമാർ എന്നിവർ പ്രസംഗിച്ചു.കഴക്കൂട്ടം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്.സുധീഷ് കൃഷ്ണ ലഹരി വിരുദ്ധ ക്ലാസെടുത്തു.