
തിരുവനന്തപുരം: 1975ലെ ക്രിസ്‌മസ് ദിനം.അടിയന്തരാവസ്ഥ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. പെരിങ്ങമ്മലയിൽ ഇന്ദിരാഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിക്കാൻ സി.പി.എം നിയോഗിച്ചത് നെല്ലിവിളയിൽ പാരലൽ കോളേജ് നടത്തിവന്ന ഭാസ്‌കരനെ. മുദ്രാവാക്യം വിളി കഴിഞ്ഞപ്പോഴേക്കും സ്ഥലത്ത് പൊലീസെത്തി ക്യാമ്പ് ചെയ്തു. പിറ്റേ ദിവസം പാരലൽ കോളേജിൽ നിന്ന് അറസ്റ്റ്. പൊലീസിന്റെ ക്രൂര മർദ്ദനത്തിനിരയായ ഭാസ്‌കരൻ 43 ദിവസമാണ് ജയിലിൽ കിടന്നത്. തിരികെയെത്തുന്നത് വരെ നാട്ടുകാർ പാരലൽ കോളേജ് ഏറ്റെടുത്ത് നടത്തി. അദ്ധ്യാപകനെന്ന നിലയിൽ വലിയ ശിഷ്യസമ്പത്തിന് ഉടമയായ ഭാസ്കരൻ ഒരു തവണ കൂടി അടിയന്തരാവസ്ഥ സമയത്ത് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഐ.ടി.ഐയിൽ വിദ്യാർത്ഥിയായിരിക്കെത്തന്നെ സമരവീര്യം പ്രകടിപ്പിച്ച ഭാസ്കരൻ, 1969ലെ കെ.എസ്.ആർ.ടി.സി സമരത്തിൽ പങ്കെടുത്ത് 15 ദിവസം ജയിലിൽ കിടന്നു.
താമസം വെണ്ണിയൂർ ആയിരുന്നെങ്കിലും ജനനം പള്ളിച്ചൽ പഞ്ചായത്തിലെ ഇടക്കോട് വാറുവിളാകത്തുവീട്ടിൽ ആയിരുന്നു. പിതാവ് പദ്മനാഭന്റെ മരണശേഷം അമ്മ കമലാക്ഷിയുടെ വെണ്ണിയൂരിലെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. നേമം വിക്‌ടറി സ്‌കൂളിലെ വിദ്യാഭ്യാസ കാലത്ത് ആർ.എസ്.പിയിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. 1959-ൽ വെണ്ണിയൂരിലെ നെയ്‌ത്തുശാലയിൽ കൂടിയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗ്രൂപ്പ് യോഗത്തിൽ പങ്കെടുത്തു. 1960ൽ കാക്കാമൂല കണ്ണൻകുഴിയിൽ കൂടിയ യോഗത്തിൽ പങ്കെടുത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പാർട്ടിയിൽ പിളർപ്പുണ്ടായപ്പോൾ, സി.പി.എമ്മിൽ കെ.ആർ.കൃഷ്‌ണനോടൊപ്പം നിന്നു. ഇക്കാലത്ത് നാലുമാസം സർക്കാർ ജോലി ചെയ്തിരുന്നു. വിവിധ സമരങ്ങളിൽ പങ്കെടുത്ത് ജയിലിൽ കഴിഞ്ഞപ്പോൾ അവണാകുഴി സദാശിവനാണ് ജാമ്യമെടുത്ത് നൽകിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ പെരിങ്ങമല,ആഴാകുളം വാർഡുകളിൽ മത്സരിച്ച് ജയിച്ചിരുന്നു. 1979-84 കാലയളവിൽ വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റായി. പിന്നീട് ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ കോട്ടുകാൽ ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
1996ൽ നേമത്തു നിന്ന് മത്സരിച്ച് എം.എൽ.എയായി. വി.ജെ. തങ്കപ്പന്റെ പിൻഗാമിയായി നേമത്തു നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഭാസ്‌കരൻ വി.എസ്. അച്യുതാനന്ദന്റെ കടുത്ത അനുയായിരുന്നുവെന്ന് അദ്ദേഹത്തോട് മത്സരിച്ച് പരാജയപ്പെട്ട കോൺഗ്രസ് നേതാവ് കെ.മോഹൻകുമാർ കേരളകൗമുദിയോട് പറഞ്ഞു. മണ്ഡലത്തിലെ പല മുതിർന്ന കോൺഗ്രസ് നേതാക്കളും ഭാസ്‌കരനാണ് വോട്ട് ചെയ്‌തത്. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് ചിലർ വിട്ടുനിന്നു. ചോദിച്ചപ്പോൾ ഭാസ്‌കരന് വാക്ക് കൊടുത്തുപോയെന്നാണ് അവരൊക്കെ പറഞ്ഞതെന്നും മോഹൻകുമാർ ഓർക്കുന്നു.
2001ലും 2006ലും കോൺഗ്രസിലെ എൻ.ശക്തനെതിരെ മത്സരിച്ച് പരാജയപ്പെട്ടു. രോഗാവസ്ഥയിൽ കഴിഞ്ഞ അവസാന നാളുകളിൽ മന്ത്രി കെ.രാധാകൃഷ്‌ണൻ ഉൾപ്പെടെയുളളവർ വെങ്ങാനൂർ ഭാസ്കരനെ സന്ദർശിച്ചിരുന്നു. കർഷക സംഘത്തിന്റെ ഉശിരൻ നേതാവായിരുന്നു ഭാസ്‌കരനെന്ന് രാധാകൃഷ്‌ണൻ അനുസ്മരിച്ചു.