pina
f

തിരുവനന്തപുരം: ' കുഞ്ഞുങ്ങളോട് മുത്തച്ഛൻ എന്ന നിലയിലും രക്ഷാകർത്താക്കളോട് മുതിർന്ന സഹോദരൻ എന്ന നിലയിലുമാണ് സംസാരിക്കുന്നത്. അധികാരത്തിന്റെയല്ല, മനുഷ്യത്വത്തിന്റെ ഭാഷയിലാണ് പറയുന്നത്. ഇത് ഈ നിലയ്ക്ക് ഉൾക്കൊള്ളണമെന്ന് തുടക്കത്തിൽ തന്നെ വിനയപൂർവ്വം അഭ്യർത്ഥിക്കട്ടെ '- ഇങ്ങനെ വാത്സല്യത്തോടെ, വികാരപരമായിരുന്നു ല​ഹ​രി​ക്കെ​തി​രെ​ ​ജ​ന​കീ​യ​ ​പ്ര​തി​രോ​ധം​ ​തീ​ർ​ക്കാ​ർ​ ​സ​ർ​ക്കാ​ർ​ ​ന​ട​പ്പാ​ക്കു​ന്ന​ ​നോ​ ​ടു​ ​ഡ്ര​ഗ്സ് ​കാ​മ്പെ​യി​ൻ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം.

ഞങ്ങളൊക്കെ ജീവിച്ചതിനെക്കാൾ സമാധാനവും സ്‌നേഹനിർഭരവും ആരോഗ്യമുള്ളതുമായ അവസ്ഥയിൽ അനന്തര തലമുറകൾ വളർന്നുവരണമെന്നതാണ് മുതിർന്നവരുടെയൊക്കെ ആഗ്രഹം. എന്നാൽ, ആ ആഗ്രഹത്തെ അപ്പാടെ തകർത്തുകളയുന്ന ഒരു മഹാവിപത്ത് മയക്കുമരുന്നിന്റെ രൂപത്തിൽ നമ്മെ ചൂഴ്ന്നുവരുന്നു. ഇതിൽ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കാനാവുന്നില്ലെങ്കിൽ വരുംതലമുറകളാകെ എന്നന്നേക്കുമായി തകർന്നടിയും. കുഞ്ഞുങ്ങൾ നശിച്ചാൽ പിന്നെ എന്താ ബാക്കിയുള്ളത്? ആ സർവനാശം ഒഴിവാക്കാൻ ജാഗ്രയോടെ ഇടപെട്ടാലേ പറ്റൂ.

പല വഴിക്കാണിവർ കുഞ്ഞുങ്ങളെ സമീപിക്കുന്നത്. ഫുട്‌ബാൾ കളിക്കുന്ന കുട്ടികളിൽ ഒരുവനെ ആദ്യം സ്വാധീനത്തിലാക്കി ഒരു ചോക്ലേറ്റ് കൊടുക്കുന്നു. നിർദോഷമായ നിലയിൽ അവൻ അതു വാങ്ങിക്കഴിക്കുന്നു. കളിക്കു വലിയ ആവേശം കിട്ടിയതായി തോന്നും. അവൻ അത് കൂട്ടുകാരോടു പറയുന്നു. അവരിലേക്കും ഈ ചോക്ലേറ്റ് എത്തുന്നു. മയക്കുമരുന്ന് അടങ്ങിയ ചോക്ലേറ്റാണിത്. നേരത്തോടു നേരമാവുമ്പോൾ അവന് ഇതു കിട്ടാതെ മുടിപറിച്ചെടുത്തും മറ്റും ഭ്രാന്തനെപ്പോലെ പെരുമാറുന്നു. അതു പടിപടിയായി മയക്കുമരുന്നിനു വേണ്ടി എന്തും ചെയ്യുന്ന ഉന്മാദാവസ്ഥയിലേക്ക് അവനെ എത്തിക്കുന്നു. അവനു പിന്നെ അച്ഛനെന്നോ അമ്മയെന്നോ സഹോദരിയെന്നോ സഹോദരനെന്നോ നോട്ടമില്ല. എന്തും ചെയ്യും. പേ പിടിച്ച നിലയിലേക്ക് ഇങ്ങനെ മാറിപ്പോകണോ നമ്മുടെ കുഞ്ഞുങ്ങൾ? മുതിർന്നവർ ആലോചിക്കണം.

ചിത്രശലഭങ്ങളെപ്പോലെ പാറിക്കളിക്കേണ്ട പ്രായമാണ് ബാല്യം. ബാല്യം ആഘോഷിക്കേണ്ട ഘട്ടത്തിൽ അവരെ അപായകരമായ അവസ്ഥകളിലേക്കു നയിക്കുകയാണ്. കുഞ്ഞുങ്ങളുടെ മനസ്സ് കാലി പഴ്സുപോലെയാണ്. അതിലേക്കു നല്ല നാണയങ്ങളിട്ടാൽ നല്ല നാണയങ്ങൾ തിരിച്ചു തരും. കള്ള നാണയങ്ങളിട്ടാലോ? കള്ളനാണയങ്ങളേ തിരിച്ചു കിട്ടൂ. കുഞ്ഞുമനസ്സുകളിൽ കള്ളനാണയങ്ങൾ വീഴാതെ നോക്കാൻ നമ്മൾ മുതിർന്നവർക്ക് ഉത്തരവാദിത്വമുണ്ട്- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.