
തിരുവനന്തപുരം: അപേക്ഷ പോലും വിളിക്കാതെ ഹയർസെക്കൻഡറി കെമിസ്ട്രി അദ്ധ്യാപക തസ്തിക മാറ്റ നിയമനം അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നിൽ
അഴിമതിയെന്ന് ആരോപണം.
മുഖ്യമന്ത്രിക്കു ലഭിച്ച വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ അപേക്ഷകരില്ലെന്ന ന്യായം പറഞ്ഞാണ്, 50 ഒഴിവുകൾ നേരിട്ടുള്ള നിയമനത്തിനു നൽകാൻ പൊതുവിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി മീനാംബിക കത്ത് നൽകിയത്. കത്ത് പുറത്തായതോടെ, അപേക്ഷ ക്ഷണിച്ചിട്ടില്ലെന്നാരോപിച്ച് അദ്ധ്യാപകർ രംഗത്തെത്തി. ഭരണപക്ഷ അദ്ധ്യാപക സംഘടനയിലെ നേതാക്കളാണ് ഇതിനു ചുക്കാൻ പിടിച്ചതെന്ന് ഇവർ പറയുന്നു.
കെമിസ്ട്രിയിലെ 15 ഒഴിവിലേക്ക്, സർവീസിലുള്ള 383 ഹൈസ്കൂൾ, പ്രൈമറി അദ്ധ്യാപകരും 9 ഇതര ജീവനക്കാരുമാണ് അപേക്ഷിച്ചത്. തസ്തിക മാറ്റത്തിന് 50
ഒഴിവ് വന്നപ്പോൾ,കഴിഞ്ഞ ജൂലായ് വരെ നേരിട്ടുള്ള നിയമനത്തിന് 55 ഒഴിവാണുണ്ടായത്. കെമിസ്ട്രി ജൂനിയറിൽ ആകെയുള്ള 333 തസ്തികയുടെ 75 ശതമാനം നേരിട്ടുള്ള നിയമനക്കാർക്കും 25 ശതമാനം തസ്തിക മാറ്റക്കാർക്കുമുള്ളതാണ്.
2021 സെപ്തംബറിലും ഇക്കഴിഞ്ഞ മാർച്ചിലുമായി 31 തസ്തിക മാറ്റ ഒഴിവും 21 നേരിട്ടുള്ള നിയമന ഒഴിവും കൂടി കെമിസ്ട്രിയിലുണ്ടായി.അപേക്ഷ വിളിച്ച 15 ഒഴിവിലേക്ക് കഴിഞ്ഞ മാസം 11ന് നിയമന ഉത്തരവിറങ്ങിയെങ്കിലും അതിൽ ആറ് തസ്തികകൾ എൻജെഡി (നോൺ ജോയിൻഡ്) ആയി ഒഴിഞ്ഞു കിടക്കുന്നു. അതും പിന്നീടുണ്ടായ 50 ഒഴിവുമാണ്, അപേക്ഷകരില്ലെന്ന കാരണം പറഞ്ഞ് നേരിട്ടുള്ള നിയമനത്തിന് നൽകുന്നത്.