
തിരുവനന്തപുരം: എ.ഐ.വൈ.എഫിന്റെ അമ്പത് വർഷങ്ങൾക്ക് മുമ്പുള്ള കോഴിക്കോട്ടെ സംസ്ഥാന സമ്മേളനവേദി. പ്രസംഗിക്കാനെത്തിയ നടൻ മധുവിനെ കാണാനും ഒന്നു തൊടാനുമായി ജനക്കൂട്ടത്തെ ഇടിച്ചിട്ട് സ്റ്റേജിലേക്ക് നുഴഞ്ഞുകയറിയ പയ്യൻ വർഷങ്ങൾക്കിപ്പുറം മധുവിനെ നായകനാക്കിയുള്ള സിനിമയ്‌ക്ക് കഥയെഴുതിയിരിക്കുന്നു. പയ്യൻ പിന്നീട് സി.പി.ഐ സംസ്ഥാന സെക്രട്ടറിയും എം.പിയുമൊക്കെയായി- പേര് പന്ന്യൻ രവീന്ദ്രൻ.
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് മുമ്പുള്ള വിവാദ കൊടുങ്കാറ്റുകൾക്കിടെ എം.എൻ സ്‌മാരത്തിൽ ഇരുന്നായിരുന്നു എഴുത്ത്. സമ്മേളനത്തിന്റെ തിരക്കുകൾ കഴിഞ്ഞ് സംവിധായകൻ മധുപാലിന് കഥ കൈമാറി. തിരക്കഥയും സംഭാഷണവും ഒരു മാസത്തിനകം മധുപാൽ പൂർത്തിയാക്കും.
കഥയെഴുതുന്നുവെന്ന വാർത്ത വന്നതോടെ ധാരാളം സിനിമക്കാർ സമീപിക്കുന്നുണ്ട്. 'മധു സാറിനോടുള്ള ആരാധന കൊണ്ടാണ് സിനിമയ്‌ക്ക് കഥയെഴുതിയത്. ഈ പരിപാടി തുടരാനൊന്നും ആലോച്ചിച്ചിട്ടില്ല-' ആരെയും പിണക്കാതെ പന്ന്യന്റെ മറുപടി. സിനിമയോടുളള ആവേശം കുട്ടിക്കാലം മുതലുണ്ട്. ഐ.എഫ്.എഫ്.കെ വന്നാൽ ചിത്രങ്ങളെല്ലാം കാണും. കവി അയ്യപ്പനും ടി.ദാമോദരനുമൊക്കെയായിരുന്നു കൂട്ട്.
സ്വാതന്ത്ര്യസമര സേനാനിയുടെ കഥ
സ്വാതന്ത്ര്യസമര സേനാനിയുടെ വേഷമാണ് മധുവിന്. സ്വാതന്ത്ര്യം ലഭിച്ച ശേഷം സർക്കാർ പദവികൾ വാഗ്ദാനം ചെയ്‌തെങ്കിലും നിരസിച്ച ആദർശധീരൻ. എന്നാൽ തന്റെ ആദർശങ്ങളിലൊന്നും വിശ്വാസമില്ലാത്ത മക്കൾ... ബാക്കി സിനിമ ഇറങ്ങുമ്പോൾ അറിയാമെന്ന് പന്ന്യൻ പറയുന്നു. കെ.ജയകുമാർ ഗാനരചന നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ശരത്താണ്. നെടുമങ്ങാട് സ്വദേശി ശ്രീജിത്താണ് നിർമ്മാതാവ്. മറ്റ് അഭിനേതാക്കളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.