തിരുവനന്തപുരം: അടിക്കടി തീപിടിത്തമുണ്ടാകുന്ന നഗരത്തിന്റെ ഹൃദയഭാഗത്തായി ഫയർഫോഴ്സ് യൂണിറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഫയലിൽ
' വിശ്രമിക്കാൻ ' തുടങ്ങിയിട്ട് വർഷങ്ങൾ. ചാലയിൽ യൂണിറ്റ് സ്ഥാപിക്കണമെന്ന അഗ്നിരക്ഷാ വകുപ്പിന്റെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2015ലാണ് യൂണിറ്റിനായി ഭരണാനുമതി ലഭിച്ചത്.
എന്നാൽ ഇതുവരെ സ്ഥലം അനുവദിച്ചിട്ടില്ല. കിള്ളിപ്പാലം - അട്ടക്കുളങ്ങര റോഡിന് സമീപം മാലിന്യക്കൂമ്പാരമായിരുന്ന എരുമക്കുഴിയിൽ യൂണിറ്റ് സ്ഥാപിക്കാൻ അനുവദിക്കണമെന്ന ഫയർഫോഴ്സിന്റെ ആവശ്യം വകുപ്പുകൾ നിരസിച്ചു. ഇവിടെ പിന്നീട് നഗരസഭ സന്മതി പാർക്ക് ഒരുക്കുകയായിരുന്നു. തുടർന്ന് കിള്ളിപ്പാലത്തുനിന്ന് അട്ടക്കുളങ്ങരയിലേക്ക് പോകുന്ന ഭാഗത്ത് വാട്ടർ അതോറിട്ടിയുടെ പമ്പ് ഹൗസിന് സമീപം, ചാല ഗവൺമെന്റ് ബോയ്സ് എച്ച്.എസിന്റെ 25സെന്റ് സ്ഥലം അനുയോജ്യമാണെന്ന് വകുപ്പ് സർക്കാരിനെ അറിയിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിരന്തരം കത്തയച്ചെങ്കിലും സ്ഥലം നൽകില്ലെന്ന നിലപാടിലാണ് വകുപ്പ്. മന്ത്രി ഇടപെട്ട് ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാക്കണമെന്നാണ് ഫയർഫോഴ്സിന്റെ ആവശ്യം. നേരത്തെ മെഡിക്കൽ കോളേജ് കാമ്പസിൽ യൂണിറ്റ് സ്ഥാപിക്കണമെന്ന ആവശ്യമുയർന്നെങ്കിലും ഒഴിവാക്കപ്പെടുകയായിരുന്നു.
അപകടം പതിവ്
രണ്ടുവർഷത്തിനിടെ ആറ്റുകാൽ,ചാല,കിള്ളിപ്പാലം,അട്ടക്കുളങ്ങര,മണക്കാട്,കമലേശ്വരം ഭാഗങ്ങളിൽ ചെറുതും വലുതുമായി നിരവധി തീപിടിത്തമുണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ കിള്ളിപ്പാലം പി.ആർ.എസ് ആശുപത്രിക്ക് സമീപം ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള ബണ്ട് റോഡിൽ ആക്രി ഗോഡൗൺ കത്തിനശിച്ചതായിരുന്നു ഒടുവിലുണ്ടായ വലിയ അപകടം. പത്തുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായ ഇവിടെ രക്ഷാപ്രവർത്തനത്തിനായി അഞ്ച് മണിക്കൂറിലധികം സമയമെടുത്തു.
പ്രധാന നേട്ടം
കടകളും വ്യാപാരസ്ഥാപനങ്ങളും തിങ്ങിനിറഞ്ഞ സ്ഥലങ്ങളായതിനാൽ സമയം പാഴാക്കാതെ രക്ഷാപ്രവർത്തനത്തിന് സാധിക്കും. മറ്റ് അപകടങ്ങൾ നടന്നാലും നഗരവാസികൾക്ക് ഉടൻ സഹായത്തിനായി സമീപിക്കാം. 24 മണിക്കൂറും ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ടാകും.
ചാലയിൽ ഫയർ ഔട്ട് പോസ്റ്റിനായി സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്.
തീരുമാനമെടുക്കേണ്ടത് സർക്കാരാണ്.
സൂരജ്, ജില്ലാ ഫയർ ഓഫീസർ