വെഞ്ഞാറമൂട്: ശാസ്ത്രീയ സംഗീതവും സിനിമാ ഗാനങ്ങളും കോർത്തിണക്കി വിശ്രുത കർണാടക സംഗീതജ്ഞൻ കെ.ജെ.ചക്രപാണി നയിക്കുന്ന സംഗീതക്കച്ചേരി നാളെ വൈകിട്ട് വെഞ്ഞാറമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. നവരാത്രി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് വെഞ്ഞാറമൂട് ജീവകല സംഘടിപ്പിക്കുന്ന 'സ്വരങ്ങളേ പാടൂ' എന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് സംഗീതക്കച്ചേരി നടക്കുന്നത്. അഡ്വ.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജീവകലയിൽ വയലിൻ പഠനം നടത്തുന്ന 15 വിദ്യാർത്ഥികളുടെ രംഗപ്രവേശം നടക്കും. 9ന് രാവിലെ 8ന് ആറ്റുകാൽ ബാലസുബ്രഹ്മണ്യം അവതരിപ്പിക്കുന്ന വയലിൻ കച്ചേരി നടക്കും.ജീവകല വയലിൻ അദ്ധ്യാപകൻ അരുൺ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ 17 വയലിനിസ്റ്റുകൾ തീർക്കുന്ന വയലിൻ ഫ്യൂഷനും നടക്കും. സമാപന ചടങ്ങിൽ ശാന്തിഗിരി ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഭാരത് സേവക് സമാജ് ദേശീയ ജനറൽ സെക്രട്ടറി ബി.എസ്.ബാലചന്ദ്രൻ എന്നിവർ അതിഥികളായി പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.