
ആറ്റിങ്ങൽ: നഗരത്തിലെ പൊതു ഇടങ്ങൾ കൈയ്യേറി നടത്തുന്ന അനധികൃത മത്സ്യകച്ചവടം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹെത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മത്സ്യം പിടിച്ചെടുത്തു. അവനവഞ്ചേരി, ടോൾമുക്ക്, രാമച്ചംവിള, കൊടുമൺ, ചെറുവള്ളിമുക്ക്, ഗേൾസ് സ്കൂൾ ജംഗ്ഷൻ, ആലംകോട് തുടങ്ങിസ്ഥിരമായി മത്സ്യ കച്ചവടം നടക്കുന്ന പ്രദേശങ്ങളിൽ ആഴ്ചകൾക്ക് മുമ്പേ തന്നെ മുന്നറിയിപ്പ് ബോഡുകൾ സ്ഥാപിച്ചിട്ടും അത് വകവയ്ക്കാതെ കച്ചവടം നടത്തുകയായിരുന്നു. ഇതേതുടർന്ന് സെപ്റ്റംബർ 29 ന് ഈ പ്രദേശങ്ങളിൽ മത്സ്യകച്ചവടം നിരോധിച്ചു എന്ന നോട്ടിസ് രേഖാമൂലം കച്ചവടക്കാർക്ക് നൽകി. നഗരസഭയുടെ അറിയിപ്പിനു ശേഷം 7 ദിവസം കഴിഞ്ഞും ഇവിടങ്ങളിൽ കച്ചവടം നടന്നതിനാലാണ് പരിശോധന നടത്തി മത്സ്യം പിടിച്ചെടുത്തതെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ വർഷം നടന്ന റെയ്ഡ് വിവാദമായതിനാൽ ഇത്തവണ പരിശോധനാ സംഘത്തിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടർമാരും വനിതാ പൊലീസുകാരും ഉൾപ്പെട്ടിരുന്നു. പിടിച്ചെടുക്കുന്ന മത്സ്യത്തിന് പിഴ ഈടാക്കിയ ശേഷം നഗരസഭ പൊതുമാർക്കറ്റുകളിൽ കച്ചവടത്തിന് എത്തിക്കാനാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. ഉദ്യോഗസ്ഥരെത്തിയ മിക്കയിടങ്ങളിലും കച്ചവടക്കാർ മത്സ്യം നേരത്തെ തന്നെ മാറ്റിയിരുന്നു. എന്നാൽ ഗേൾസ് സ്കൂളിന് സമീപത്തെ മങ്കാട്ടുമൂല ജംഗ്ഷനിൽ സ്ക്വാഡ് എത്തിയപ്പോൾ തൊട്ടടുത്ത വീട്ടിലെടോയ്‌ലെറ്റിലും മെഡിക്കൽ ഷോപ്പിന്റെ ഇടനാഴിയിലും മത്സ്യം നിറച്ച പാത്രങ്ങൾ ഒളിപ്പിച്ചു വച്ച ശേഷം കച്ചവടക്കാർ മറഞ്ഞു നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ പിൻതുടർന്ന് എത്തി മത്സ്യം പിടിച്ചെടുത്തു. അനധികൃത കച്ചവടത്തിന് ഒത്താശ ചെയ്തു കൊടുക്കുന്ന വീട്ടുടമക്കും സ്ഥാപന ഉടമക്കുമെതിരെ കർശന നീയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന ശക്തമാക്കാൻ കൂടുതൽ പൊലീസിന്റെ സഹായം തേടുമെന്നും അരോഗ്യ വിഭാഗം അറിയിച്ചു. ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, ഇൻസ്‌പെക്ടർ എസ്.എസ്. മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുബാറക്ക് ഇസ്മായിൽ, ഷെൻസി, ഹാസ്മി തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.