
തിരുവനന്തപുരം : ഇടനിലക്കാരെയും കാലതാമസവും ഒഴിവാക്കി ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ 940 പഞ്ചായത്തുകളിലും നടപ്പാക്കിയ സോഫ്റ്റ്‌വെയർ (ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം -ഐ.എൽ.ജി.എം.എസ് ) വിജയകരം. ആറു മാസത്തിനകം 50,22,463 അപേക്ഷകളാണ് കടന്നുപോയത്. അതിൽ 43,38,058 എണ്ണവും (86.37%) തീർപ്പാക്കി.
ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ,ട്രേഡ് ലൈസൻസ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെൻഷനുകൾ എന്നിങ്ങനെ വിവിധ സേവനങ്ങൾക്കുള്ള അപേക്ഷകളും പരാതികളും ഫയലുകളിൽ ഉണ്ടായിരുന്നു.
പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷനാണ് (ഐ.കെ.എം) സോഫ്റ്റ‌്‌വെയർ തയ്യാറാക്കിയത്. തന്റെ അപേക്ഷ ഏത് ഓഫീസറാണ് നോക്കുന്നത്, കാലതാമസം ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ അപേക്ഷകന് സോഫ്റ്റ്‌വെയറിലൂടെ അറിയാം. അപേക്ഷ നൽകാനും ഫീസടയ്‌ക്കാനും ഓഫീസിൽ പോകേണ്ട. സോഫ്റ്റ്‌വയെറിലൂടെ സ്വന്തമായോ അക്ഷയ വഴിയോ അപേക്ഷിക്കാം. പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസിലും സഹായം കിട്ടും.
2020 സെപ്തംബറിൽ തിരുവനന്തപുരം ചെമ്മരുതി ഗ്രാമപഞ്ചായത്തിലാണ് ഐ.എൽ.ജി.എം.എസ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത്.
തുടർന്ന് 300 ഗ്രാമപഞ്ചായത്തുകളിൽ.
2021 സെപ്തംബറിൽ ഓൺലൈൻ സേവനങ്ങളും ഇ പേയ്‌മെന്റും സോഫ്റ്റ്‌വെയറിൽ
2022 ഏപ്രിൽ നാലോടെ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കി.