vnd

വെള്ളനാട്: അധികൃതരുടെ അനാസ്ഥയാൽ വെളിയന്നൂർ മിനി ഇൻഡോർ സ്റ്റേഡിയം ഇപ്പോഴും അടഞ്ഞുകിടക്കുന്നു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ യുവജനങ്ങളുടെ നിരന്തരമായൊരാവശ്യമായിരുന്നു ഒരു ഇൻഡോർ സ്റ്റേഡിയമെന്നത്. നാലു വർഷം മുൻപ് വെളിയന്നൂരിൽ മിനി ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും ഇപ്പോൾ അധികൃതരുടെ അനാസ്ഥകാരണം സ്റ്റേഡിയത്തിന്റെ നിർമ്മാണം പാതിവഴിയിലാണ്. ഇതോടെ വെള്ളനാട്ട് കായിക പ്രേമികളുടെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. നാട്ടുകാർ വർഷങ്ങളായി വോളിബാൾ, ബാറ്റ്മിന്റൺ കളികൾക്കുപയോഗിച്ചിരുന്ന വെളിയന്നൂർ ആയുർവേദ ആശുപത്രിക്ക് സമീപമാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സ്റ്റേഡിയം നിർമ്മാണത്തിനായി പഞ്ചായത്ത് അധികൃതർ കളിസ്ഥലം അടച്ചതോടെ പ്രദേശത്തെ യുവാക്കൾക്ക് കളിസ്ഥലം ഇല്ലാതാവുകയും അവർ മറ്റു കളിസ്ഥലങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലുമാണ്.

സ്റ്റേഡിയം നിർമ്മാണം ആരംഭ ചെലവ് - 9.75 ലക്ഷം രൂപ

നിർമ്മാണ പ്രവർത്തനങ്ങൾ

2017–18 പദ്ധതി പ്രകാരം ശ്യാമപ്രസാദ് മുഖർജി റർബൻ മിഷൻ ആര്യനാട് - വെള്ളനാട് ക്ലസ്റ്റർ 9.75 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിർമ്മാണം ആരംഭിച്ചത്. ചുറ്റുമതിൽ, മേൽക്കൂര, ടോയ്‌ലെറ്റ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇതുവരെയും നടന്നിട്ടുള്ളത്. ഫ്ലഡ് ലൈറ്റുകൾ, ഇലക്ട്രിക് ജോലികൾ, കാണികൾക്കുള്ള ഇരിപ്പിടങ്ങൾ തുടങ്ങിയവയുടെ പണികൾ ഇപ്പോഴും ബാക്കിയാണ്.

സ്റ്റേഡിയം അത്യാവശ്യം

കായികപ്രേമികൾ നിരവധിയുള്ള വെള്ളനാട് പഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയങ്ങൾ ഒന്നുംതന്നെയില്ല. വെളിയന്നൂർ മിനി ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പ്രതീക്ഷയോടെയാണ് നാട്ടുകാർ കണ്ടത്. ക്ലബുകളുടെയും സമീപത്തെ മറ്റു സ്കൂളുകളുടെയും കായിക മത്സരങ്ങൾക്കും ഇപ്പോൾ സ്റ്റേഡിയം ഇല്ലാത്ത അവസ്ഥയിലാണ്. വെളിയന്നൂരിൽ സ്റ്റേഡിയം പൂർത്തിയായാൽ പ്രദേശത്തെ കായിക പ്രേമികളുടെ ദുരിതത്തിന് പരിഹാരമാകും. കുട്ടികൾ അടക്കമുള്ളവർ പരിശീലനത്തിനും മറ്റുമായി പഞ്ചായത്തിലെ സ്വകാര്യ സ്റ്റേഡിയങ്ങളെയും തലസ്ഥാന നഗരത്തിലെ മറ്റു സ്റ്റേഡിയങ്ങളെയും ആശ്രയിക്കേണ്ട അവസ്ഥയിലാണ്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആരംഭിച്ച സ്റ്റേഡിയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളും പാതിവഴിയിലാണ്.