തിരുവനന്തപുരം: ഗോവയുടെ സ്വാതന്ത്ര്യത്തിന്റെ 60ാം വാർഷികത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ഇന്നുമുതൽ ഞായറാഴ്ച വരെ വിവിധ പരിപാടികൾ നടക്കും. എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകിട്ട് 7 വരെ മാൾ ഒഫ് ട്രാവൻകൂറിലാണ് പരിപാടികൾ അരങ്ങേറുക.

ഗോവയുടെ തനത് ഭക്ഷണം, സംഗീതം, നൃത്തരൂപങ്ങൾ, സംസ്‌കാരം എന്നിവ തലസ്ഥാനവാസികൾക്ക് നേരിട്ടറിയാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നതെന്ന് ഗോവ ഇൻഫർമേഷൻ വകുപ്പ് ജോയിന്റ് ഡയറക്ടർ പണ്ഡൂരാംഗ് തലഗാവോൻകർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഗണേഷ് തേലി, ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജർ വിശ്വേഷ് നായിക്, ഇൻഫർമേഷൻ അസിസ്റ്റന്റ് സിദ്ദേഷ് സാമന്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗോവയിലെ പ്രധാന ബാൻഡുകളായ ക്ലിക്‌സസ്, സ്റ്റീൽ എന്നിവരുടെ പ്രകടനവും തനത് നൃത്തവും ആസ്വദിക്കാം. ഗോവൻ കാർണിവലിലെ പ്രധാന ആകർഷണമായ കിംഗ് മോമോയുടെ പരേഡ് മറ്റൊരാകർഷണമാണ്.