തിരുവനന്തപുരം: ദേശീയ ആയോധന കലാമേളയ്‌ക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കമാവും. കേന്ദ്ര സാംസ്‌കാരിക വിദ്യാഭ്യാസ മന്ത്രാലയങ്ങൾ,ആയുഷ് വകുപ്പ്,ആസാദി കാ അമൃത് മഹോത്സവ്‌ എന്നിവയുടെ പിന്തുണയോടെയാണ് രാജ്യത്ത് ആദ്യമായി ആയോധന കലാമേളയ്‌ക്ക് അരങ്ങൊരുങ്ങുന്നത്. ഇന്ത്യൻ നോളെഡ്‌ജ് സിസ്റ്റം, തിരുവനന്തപുരത്തെ അഗസ്‌ത്യം കളരി, ട്രിനിറ്റി കോളേജ് ഒഫ് എൻജിനി​യറിംഗ് എന്നിവരാണ് ദ്വിദിന മേളയുടെ സംഘാടകർ.കളരിപ്പയറ്റ്, പഞ്ചാബിൽ നിന്നുള്ള ഗട്കാ, മഹാരാഷ്ട്രയിലെ മർദാനി ഖേൽ തമിഴ്നാട്ടിലെ ശിലമ്പ്,മൽഖമ്പ്,ഗോത്ര മേഖലകളിൽ നിന്നുള്ള അമ്പെയ്‌ത്ത് തുടങ്ങി വിവിധ ഇനങ്ങളിലായി 250ഓളം ആയോധന കലാപ്രതിഭകൾ മേളയിൽ പങ്കെടുക്കും. ട്രിനിറ്റി കോളേജ് ഒഫ് എൻജിനി​യറിംഗിൽ ഇന്ന് രാവിലെ 9.30ന് മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ് മേള ഉദ്ഘാടനം ചെയ്യും. ട്രിനിറ്റി കോളേജിന് പുറമേ നേമത്തെ അഗസ്ത്യം കളരി,നിശാഗന്ധി ഓഡിറ്റോറിയം എന്നിവിടങ്ങളാണ് പ്രധാന വേദികൾ. മേളയോടനുബന്ധിച്ച് 'വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആയോധന കലകളുടെ പ്രസക്തി','മാനസികാരോഗ്യവും ആയോധന കലകളും' എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകൾ ട്രിനിറ്റി കോളേജിലും സിദ്ധപാരമ്പര്യത്തെ കുറിച്ചുള്ള പ്രഭാഷണം അഗസ്‌ത്യം കളരിയിലും സംഘടിപ്പിച്ചിട്ടുണ്ട്. ട്രിനിറ്റിയിൽ ആയോധനകലകൾ സംബന്ധിച്ച വിപുലമായ എക്‌സിബിഷനുമുണ്ട്. അഗസ്ത്യം കളരിയിൽ 8ന് വൈകട്ട് 6ന് ആയോധനകലാ സംഗമവുമുണ്ട്.