കാട്ടാക്കട: കാട്ടാക്കട അഞ്ചുതെങ്ങിൻമൂട്ടിലെ സഹകരണ സംഘം പ്രസിഡന്റിനെ വളം ഡിപ്പോയ്ക്കുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങിൻമ്മൂട്ടിൽ പ്രവർത്തിക്കുന്ന പ്രവാസി വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് വെള്ളറട ആറാട്ടുകുഴി മുതുവാൻകോണം ശ്രീലക്ഷ്മി വീട്ടിൽ നിന്ന് അഞ്ചുതെങ്ങിൻമ്മൂട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുമേധനെയാണ് (57) ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ബാങ്കിലെത്തിയ ഇയാൾ 8ഓടെ തിരുവനന്തപുരത്തേക്ക് പോകുന്നുവെന്നു പറഞ്ഞ് ഇറങ്ങിയതായി ബാങ്കിലെ ജീവനക്കാർ പറയുന്നു.തുടർന്ന് 11.40തോടെ ബാങ്കിലെ ജീവനക്കാർ ബാങ്കിന് സമീപത്തെ വളം ഡിപ്പോയ്ക്കുള്ളിൽ ഇയാളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.സാമ്പത്തിക ബാദ്ധ്യതയുള്ള ഇയാൾ പണം കടംവാങ്ങിയവരോട് ഇന്നലെ രാവിലെ ബാങ്കിലെത്താൻ പറഞ്ഞിരുന്നതായി, കാട്ടാക്കട പൊലീസ് അറിയിച്ചു. മൃതദേഹം മോർച്ചറിയിൽ. ഭാര്യ:വിജയകുമാരി.രണ്ട് മക്കളുണ്ട്.