
പൂവാർ: തീരദേശ ഗ്രാമ പഞ്ചായത്തായ പൂവാറിന്റെ ഇടറോഡുകൾ തെരുവുനായ്ക്കൾ അടക്കിവാഴുന്നതായി പ്രദേശവാസികൾ. തീരദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നിരവധി പരാതികൾ ഉയർന്നിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലന്നും ആക്ഷേപമുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായ പൂവാറിലെ പൊഴിക്കര, ഗോൾഡൻ ബീച്ച് എന്നിവിടങ്ങളിൽ സഞ്ചാരികൾക്ക് ഏറെ ഭീഷണി യാണ് തെരുവുനായ്ക്കൾ. ഇ.എം.എസ് കോളനി, വരവിളത്തോപ്പ്, എരിക്കലുവിള, പാമ്പുകാല, നമ്പ്യാതി, പരണിയം, കാലായിത്തോട്ടം, അരുമാനൂർതുറ, പട്യക്കാല, അരുമാനൂർ, തെറ്റിക്കാട്, ബണ്ട് റോഡ് തുടങ്ങിയ പ്രദേശങ്ങളാണ് തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രങ്ങളായി മാറിയിരിക്കുന്നത്. പകൽ വെളിച്ചത്തിൽ പോലും പുറത്തിറങ്ങി നടക്കാൻ നാട്ടുകാർക്ക് ഇപ്പോൾ ഭയമാണ്. പ്രായമേറിയവരും കുട്ടികളും ഇപ്പോൾ പുറത്തേയ്ക്കുള്ള യാത്രകൾ ഒഴിവാക്കിയിരിക്കുകയാണ്.
തെരുവുനായ്ക്കൾ കാരണം തീരപ്രദേശത്ത് രൂക്ഷമായ പ്രതിസന്ധി ഉടലെടുത്തിട്ടും ഫലപ്രഥമായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ അധികൃതർക്കാകുന്നില്ല. ജാഗ്രത പാലിക്കണം എന്ന മൈക്ക് അനൗൺസ്മെന്റിനും വളർത്തുനായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവെയ്പിനും അപ്പുറം, തെരുവ് നായ്ക്കൾ പെറ്റ് പെരുകുന്നത് തടയാനോ, അലഞ്ഞ് തിരിയുന്ന നായ്ക്കളെ പുന:രധിവസിപ്പിക്കാനോ കഴിയുന്നില്ല.
കുടുംബശ്രീകൾ വഴി നടപ്പാക്കി വന്നിരുന്ന എ.ബി.സി ( അനിമൽ ബർത്ത് കൺട്രോളിംഗ്) പദ്ധതി ഇപ്പോഴില്ല, അറവ് മാലിന്യങ്ങൾ കൊണ്ടുതള്ളുന്നത് നിയന്ത്രിക്കാനും കഴിയുന്നില്ല. നാൾക്കുനാൾ തീരദേശത്ത് തെരുവുനായ്ക്കൾ വർദ്ധിക്കുകയാണ്.
** പ്രതിസന്ധികൾ ഏറെ
വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് അസുഖങ്ങൾ പിടിപെടുമ്പോൾ അവയെ ഉപേക്ഷിക്കുന്നത് തെരുവിലേക്കാണ്. മറ്റ് പ്രദേശങ്ങളിൽ നിന്നും മാലിന്യം നിറച്ച വാഹനത്തോടൊപ്പം തെരുവുനായ്ക്കൾ പൂച്ചകളും തെരുവോരങ്ങളിൽ താവളമുറപ്പിച്ചിട്ടുണ്ട്. ഇവയിൽ പലതും ആക്രമണകാരികളാണ്. വളർത്തുനായ്ക്കളിൽ ചിലത് വീട്ടുകാരെ കടിച്ച ശേഷം പുറത്തിറങ്ങി നാട്ടുകാരെ ആക്രമിക്കാറുണ്ട്. നിലവിലെ നിയമവ്യവസ്ഥ തെരുവുനായ്ക്കൾ നിയന്ത്രിക്കാനുള്ള പരമ്പരാഗത മാർഗ്ഗങ്ങൾ തടസ്സമാവുകയാണ്. ജനങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരും ജനപ്രതിനിധികളും നിസ്സഹായരാണ്. വളർത്തുനായ്ക്കൾക്ക് ലൈസൻസ് നിർബന്ധമല്ലാത്തത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നതായി അവർ പറയുന്നു.
** മാലിന്യ നിക്ഷേപം തടയണം
മാലിന്യ നിർമ്മാർജ്ജനം കാര്യക്ഷമമാക്കിയും വളർത്തുനായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കിയും തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അധികൃതർ തയാറാകണമെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകൾ പ്രവർത്തനരഹിതമാണ്. അവ പുന:സ്ഥാപിക്കുന്നതോടെ രോഗം ബാധിച്ച നായ്ക്കളെ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നത് തടയാൻ കഴിയും. ഇത്തരം കാര്യങ്ങളെങ്കിലും അധികൃതർ അടിയന്തരമായി ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഗ്രാമപ്രദേശത്തിലെ റോഡുകളിൽ അലഞ്ഞുതിരയുന്ന നായ്ക്കളെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.