കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിൽ പാറക്വാറി പ്രവർത്തനം നിറുത്തിവയ്‌ക്കണമെന്നാവശ്യവുമായി നാട്ടുകാർ സെക്രട്ടറിയെ തടഞ്ഞുവച്ച സംഭവത്തിൽ കോൺഗ്രസിലെ രണ്ട് വാർഡ് മെമ്പർമാരുൾപ്പെടെ ഒമ്പതുപേർക്കെതിരെ പള്ളിക്കൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തടഞ്ഞുവച്ചത് കൂടാതെ മോശമായി പെരുമാറുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ഓഫീസ് ഫയലുകൾ അലങ്കോലമാക്കുകയും ചെയ്‌തെന്ന സെക്രട്ടറിയുടെ പരാതിയിലാണ് കേസ്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കുളക്കുടിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ പാറക്വാറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഭവത്തിന് വഴിതെളിച്ചത്. നിയമങ്ങൾ കാറ്റിൽ പറത്തി നടത്തുന്ന ഖനനം മൂലം 500 മീറ്റർ അകലെ വരെ പാറക്കഷണങ്ങൾ തെറിച്ചുവീഴുകയാണെന്നാണ് നാട്ടുകാരുടെ പരാതി. പാറക്വാറി സംബന്ധിച്ച പ്രശ്നം പറയാനാണ് നാട്ടുകാർ പഞ്ചായത്തിലെത്തിയതെന്നും അവരോട് സെക്രട്ടറി ധിക്കാരപരമായി പെരുമാറുകയാണുണ്ടായതെന്നും വാർഡ് അംഗം എ. ഷിബിലി പറഞ്ഞു.
ഉപരോധസമരത്തിൽ നാട്ടുകാർക്കൊപ്പം നിന്ന സി.പി.എം അംഗത്തെയും പ്രവർത്തകരെയും ഒഴിവാക്കി കോൺഗ്രസ് അംഗങ്ങളുടെയും പൊതുപ്രവർത്തകരുടെയും പേരിൽ മാത്രം കേസെടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ബ്ലോക്ക് പഞ്ചായത്തംഗം എ. നിഹാസ് പറഞ്ഞു.